ടെർ സ്റ്റീഗനെ സ്വാപ് ഡീലിലൂടെ ക്ലബിലെത്തിക്കാൻ ശ്രമം നടത്തി ചെൽസി

ഒരു മികവുറ്റ ഗോൾകീപ്പർക്ക് വേണ്ടി ചെൽസിയുടെ അന്വേഷണം ആരംഭിച്ചിട്ട് നാളുകൾ ഏറെയായി. രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപായിരുന്നു അത്ലറ്റികോ മാഡ്രിഡ്‌ കീപ്പർ യാൻ ഒബ്ലക്കിന് വേണ്ടി ചെൽസി വലവീശിയത്. എന്നാൽ താരം അത്ലറ്റികോയിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സിമിയോണി തുറന്നു പറഞ്ഞതോടെ താരത്തെ വിട്ടുതരാൻ ഉദ്ദേശിക്കുന്നില്ലെന്ന് അത്ലറ്റികോ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയാണ് ഫുട്ബോൾ ലോകത്ത് സജീവമാകുന്നത്. ബാഴ്സയുടെ വിശ്വസ്തനായ ഗോൾകീപ്പർ ടെർ സ്റ്റീഗനെ ക്ലബിൽ എത്തിക്കാനുള്ള വഴികളാണ് ചെൽസി തേടുന്നത്. കെപ-ടെർ സ്റ്റീഗൻ സ്വാപ് ഡീലിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ചെൽസി.

മുണ്ടോ ഡീപോർട്ടീവോ, ഡെയിലി മെയിൽ, ടെലിഗ്രാഫ് എന്നിവരെല്ലാം തന്നെ ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇതൊരു അസാധ്യമായ നീക്കമാണ് എന്നാണ് ഇവരെല്ലാം പറഞ്ഞുവെക്കുന്നതും. ടെർ സ്റ്റീഗൻ ബാഴ്സവിടാനോ ബാഴ്സ ടെർ സ്റ്റീഗനെ വിടാനോ യാതൊരു സാധ്യതയും നിലവിൽ കാണുന്നില്ല. എന്നാൽ താരത്തെ ക്ലബിൽ എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു മുതൽകൂട്ടാവും എന്നാണ് ലംപാർഡിന്റെ നിലപാട്. 2018-ൽ ക്ലബിന്റെ റെക്കോർഡ് തുകക്കായിരുന്നു കെപയെ ചെൽസി ടീമിൽ എത്തിച്ചിരുന്നത്. എന്നാൽ താരം തിളങ്ങിയില്ല എന്ന് മാത്രമല്ല അനാവശ്യപിഴവുകൾ വരുത്തി വെക്കുകയും ചെയ്തു. താരത്തെ നിലനിർത്താൻ യാതൊരു താല്പര്യവുമില്ലാത്ത ആളാണ് ലംപാർഡ്. യൂറോപ്പിലെ ഒരു മികച്ച ഗോളിയെ ചെൽസി ടീമിൽ എത്തിക്കണം എന്നാണ് ലംപാർഡ് ക്ലബ്ബിനെ അറിയിച്ചിട്ടുള്ളത്. സ്റ്റീഗനെ കൂടാതെ യുണൈറ്റഡ് കീപ്പർ ഡീൻ ഹെൻഡേഴ്‌സണെയും ചെൽസി നോട്ടമിട്ടിട്ടുണ്ട്. ഏതായാലും മികച്ച താരങ്ങളെ ടീമിൽ എത്തിച്ച് ക്ലബ് ശക്തിപ്പെടുത്താനുള്ള ദൃഡനിശ്ചയത്തിലാണ് ലംപാർഡ്.

Leave a Reply

Your email address will not be published. Required fields are marked *