ചെൽസി സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ യുവന്റസും ഇന്റർമിലാനും

ചെൽസിയുടെ സ്പാനിഷ് സൂപ്പർ താരം മാർക്കോസ് അലോൺസോയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് രണ്ട് ഇറ്റാലിയൻ വമ്പൻമാർ. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരത്തെ ക്ലബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസും ഇന്റർമിലാനും ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. മുൻനിര മാധ്യമമായ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ സീസണോടെ ചെൽസി വിടാൻ താരം ഉദ്ദേശിക്കുന്നതായും മികച്ച ഓഫർ കൈവന്നാൽ ചെൽസി താരത്തെ കൈവിട്ടേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. പുതിയ ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർടിന് കീഴിൽ അധികമൊന്നും അവസരങ്ങൾ ലഭിക്കാത്തതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. ലംപാർടിന് കീഴിൽ കേവലം പതിനൊന്ന് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. ഈ സീസണിൽ നാല് ഗോളും മൂന്ന് അസിസ്റ്റുമായി ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്.

ഇരുപത്തിയൊൻപത്കാരനായ താരം സിരി എയിലേക്ക് തന്നെ മടങ്ങാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ യുവന്റസ് പരിശീലകനായ മൗറിസിയോ സരിക്കൊപ്പവും ഇന്റർമിലാൻ പരിശീലകനായ അന്റോണിയോ കോന്റെക്കൊപ്പവും അലോൺസോ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ താരത്തെ ക്ലബിലെത്തിക്കാൻ ഇരുപരിശീലകരും തങ്ങളുടെ ക്ലബുകളോട് ആവിശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധനിര താരമായ അലോൺസോ 2016 ഓഗസ്റ്റിൽ ഫിയോറെന്റീനയിൽ ഇരുപത്തിമൂന്ന് മില്യൺ പൗണ്ടിനാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയത്. 2023 ജൂൺ വരെ താരത്തിന് കരാറുണ്ടെങ്കിലും ഈ സമ്മർ ട്രാൻസ്ഫറിൽ കളം മാറാനാണ് താരത്തിന് താല്പര്യം. നാല് വർഷക്കാലം ചെൽസി പന്തുതട്ടുന്ന താരം 140 മത്സരങ്ങളിൽ ചെൽസിക്ക് വേണ്ടി ബൂട്ടണിഞ്ഞു. ഈ കാലയളവിൽ 22 ഗോളുകളും 17 അസിസ്റ്റുകളും സ്വന്തം പേരിൽ എഴുതിചേർത്തു. ഏതായാലും വരും നാളുകളിൽ താരത്തിന്റെ ഭാവി എവിടെയാവുമെന്ന് കൂടുതൽ വ്യക്തമാവുമെന്നാണ് എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *