ക്രിസ്റ്റ്യാനോയേക്കാൾ മികച്ചവൻ,സലാ സൗദിയിലെ ഏറ്റവും വലിയ താരമാകുമെന്ന് ലീ ഷാർപ്!
ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരമായ മുഹമ്മദ് സലായുടെ ഭാവിയുടെ കാര്യത്തിൽ വലിയ അവ്യക്തതകൾ തുടരുകയാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അവസാനിക്കുക.ഈ കോൺട്രാക്ട് പുതുക്കാൻ ഇതുവരെ ലിവർപൂൾ തയ്യാറായിട്ടില്ല.ക്ലബ്ബ് ഇതുവരെ തനിക്ക് ഓഫറുകൾ ഒന്നും നൽകിയിട്ടില്ല എന്ന് സലാ തന്നെ തുറന്നു പറഞ്ഞിരുന്നു.സലാ ലിവർപൂളിൽ തുടരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ക്ലബ്ബ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ സമ്മറിൽ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ സൗദി അറേബ്യ ശ്രമങ്ങൾ നടത്തിയിരുന്നു. ലിവർപൂൾ കോൺട്രാക്ട് പുതുക്കുന്നില്ലെങ്കിൽ സലാ സൗദിയിലേക്ക് എത്താനുള്ള സാധ്യതകൾ ഏറെയാണ്.ഇംഗ്ലീഷ് താരമായിരുന്ന ലീ ഷാർപും ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്.സലാ സൗദിയിലേക്ക് എത്തുമെന്നും റൊണാൾഡോയെ മറികടന്നുകൊണ്ട് സൗദി അറേബ്യയിലെ ഏറ്റവും വലിയ സ്റ്റാറായി മാറുമെന്നുമാണ് ഷാർപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“സലാ സൗദി അറേബ്യയിലേക്ക് പോകാൻ തന്നെയാണ് സാധ്യത. അല്ലാതെ മറ്റാർക്കും അദ്ദേഹത്തെ അഫോർഡ് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് അദ്ദേഹം ഏതായാലും വരില്ലല്ലോ. ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയും എളുപ്പമുള്ള ജീവിതത്തിന് വേണ്ടിയും അദ്ദേഹം സൗദി അറേബ്യയിലേക്ക് തന്നെ പോയേക്കും.അങ്ങനെ സംഭവിച്ചാൽ സൗദി അറേബ്യയിലെ ഏറ്റവും വലിയ താരമായി അദ്ദേഹം മാറും. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരമാണ് സലാ. റൊണാൾഡോയെക്കാൾ വലിയ താരമായി അവിടെ അദ്ദേഹം മാറും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല ” ഇതാണ് മുൻ യുണൈറ്റഡ് താരം പറഞ്ഞിട്ടുള്ളത്.
സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിന് വലിയ താല്പര്യമുള്ള താരമാണ് സലാ.വരുന്ന സമ്മറിൽ അവർ അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും. നിലവിൽ തകർപ്പൻ ഫോമിലാണ് സലാ കളിച്ചുകൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ 10 ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.