കൊറോണ: ലെസ്റ്റർ സിറ്റിയുടെ മൂന്ന് താരങ്ങളെ ഐസൊലേറ്റ് ചെയ്തു
സിരി എക്കും ലാലിഗക്കും പിന്നാലെ പ്രീമിയർ ലീഗിലും കൊറോണയെന്ന് സംശയം. പ്രീമിയർ ലീഗ് ക്ലബ് ആയ ലെസ്റ്റർ സിറ്റിയുടെ മൂന്ന് താരങ്ങളെയാണ് ഇപ്പോൾ ഐസൊലേറ്റിന് വിധേയമാക്കിയിരിക്കുന്നത്. ക്ലബിന്റെ മാനേജർ ബ്രെണ്ടൻ റോജേഴ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ മൂന്ന് പേർ കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ ഐസൊലേറ്റിന് വിധേയമാക്കിയതെന്നും ഇദ്ദേഹം അറിയിച്ചു. ഈ ആഴ്ച്ച പ്രീമിയർ ലീഗിൽ നടക്കാനിരിക്കുന്ന വാട്ട്ഫോർഡ് – ലെസ്റ്റർ സിറ്റി മത്സരത്തിന്റെ മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് റോജേഴ്സ് ഇക്കാര്യം അറിയിച്ചത്.
കൊറോണക്കെതിരായ എല്ലാ മുൻകരുതലുകളും ക്ലബ് സ്വീകരിച്ചെന്നും രോഗലക്ഷണമുള്ള താരങ്ങളെ സ്‌ക്വാഡിൽ നിന്നും മാറ്റിനിർത്തിയതായും ഇദ്ദേഹം അറിയിച്ചു. നിലവിൽ സിരി എയിൽ രണ്ട് താരങ്ങൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മാത്രമല്ല ലാലിഗ രണ്ടാഴ്ച്ചത്തേക്ക് നിർത്തിവെക്കാനും തീരുമാനമായിട്ടുണ്ട്. റയൽ മാഡ്രിഡ് ബാസ്കറ്റ് ബോൾ താരത്തിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ റയൽ മാഡ്രിഡ് ഫുട്ബോൾ താരങ്ങളോട് സ്വയം ക്വാറന്റയിന് വിധേയമാകാനും ക്ലബ് നിർദ്ദേശിച്ചിരുന്നു.