എന്തുകൊണ്ട് കാസെമിറോക്ക് മാത്രം റെഡ് കാർഡ് നൽകി?ടെൻ ഹാഗ് ദേഷ്യത്തിൽ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയത്.ബ്രൂണോ ഫെർണാണ്ടസ്‌,റാഷ്ഫോർഡ് എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിന് വിജയം നേടിക്കൊടുത്തത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇരു ടീമിലെ താരങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അതിന്റെ ഫലമായി കൊണ്ട് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോക്ക് റെഡ് കാർഡ് കാണേണ്ടി വന്നിരുന്നു.പാലസ് താരം വിൽ ഹ്യൂഗ്സിന്റെ കഴുത്തിന് പിടിച്ചതിനാലാണ് കാസമിറോക്ക് റെഡ് കാർഡ് ലഭിച്ചത്.

കാസമിറോ ചെയ്തത് തെറ്റാണ് എന്നുള്ളത് യുണൈറ്റഡ് പരിശീലകനായ ടെൻഹാഗ് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ആ സംഭവത്തിനിടെ ക്രിസ്റ്റൽ പാലസ് താരമായ ജെഫ്രി ശ്ലുപ്പ് യുണൈറ്റഡ് താരമായ ആന്റണിയെ പിടിച്ചു തള്ളിയിരുന്നു. അതിന് റെഡ് കാർഡ് നൽകാത്തതിൽ ടെൻ ഹാഗ് ദേഷ്യം പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വിജയം നേടാനായതിൽ ഞങ്ങൾ ഹാപ്പിയാണ്. ടീമിന്റെ പ്രകടനത്തിലും സ്പിരിറ്റിലും ഞാൻ ഹാപ്പിയാണ്.കാസമിറോ പുറത്താവാൻ കാരണമായ സംഭവത്തിൽ ഞങ്ങൾ ഹാപ്പിയല്ല. ഒരുപാട് താരങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നിട്ട് ഒരാളെ മാത്രം പുറത്താക്കിയത് അന്യായമാണ്.ഒരു ക്രിസ്റ്റൽ പാലസ്‌ താരം ആന്റണിയോട് ചെയ്തത് വളരെയധികം അപകടകരമായ ഒരു കാര്യമായിരുന്നു. ഒരുപക്ഷേ അത് ആന്റണിക്ക് പരിക്കേൽക്കുന്നതിന് വരെ കാരണമാകാമായിരുന്നു.കാസമിറോ അതിർവരമ്പ് ലംഘിച്ചു എന്നുള്ളത് ശരിയാണ്. മധ്യനിരയിലെ എറിക്സണെയും കാസമിറോയെയും ഞങ്ങൾക്ക് ഇപ്പോൾ നഷ്ടമായി കഴിഞ്ഞു. പക്ഷേ ഈ നഷ്ടത്തെ ഞങ്ങൾ മറികടക്കേണ്ടതുണ്ട് ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അടുത്ത മൂന്ന് ഡൊമസ്റ്റിക് മത്സരങ്ങളിലും ഇനി കാസമിറോക്ക് കളിക്കാൻ സാധിക്കില്ല. പുതുതായി ടീമിലേക്ക് എത്തിച്ച സാബിറ്റ്സറെ വളരെ വേഗത്തിൽ തന്നെ ഉപയോഗപ്പെടുത്താൻ ഇപ്പോൾ ടെൻ ഹാഗ് നിർബന്ധിതനായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!