ഉജ്ജ്വലവിജയവുമായി ചെൽസി, പിഎസ്ജി, അത്ലെറ്റിക്കോ. ബൊറൂസിയയെ കീഴടക്കി ബയേൺ !
ഇന്നലെ വിവിധ ലീഗുകളിൽ നടന്ന മത്സരത്തിൽ വമ്പൻമാർക്കെല്ലാം വിജയം. ചെൽസി, പിഎസ്ജി, അത്ലെറ്റിക്കോ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവരെല്ലാം തന്നെ തകർപ്പൻ ജയം നേടുകയായിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസി ഷെഫീൽഡ് യുണൈറ്റഡിനെ തോല്പിച്ചത്. നീലപ്പടക്ക് വേണ്ടി ടമ്മി അബ്രഹാം, ചിൽവെൽ, സിൽവ, വെർണർ എന്നിവരാണ് വലകുലുക്കിയത്. ഇരട്ട അസിസ്റ്റുകളുമായി ഹാക്കിം സിയെച്ചും മിന്നിത്തിളങ്ങി. ജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാമതെത്താനും ബ്ലൂസിന് സാധിച്ചു. ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ റെന്നസിനെയാണ് പിഎസ്ജി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു വിട്ടത്. പിഎസ്ജിക്ക് വേണ്ടി എയ്ഞ്ചൽ ഡിമരിയ ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ ശേഷിച്ച ഗോൾ മോയ്സെ കീൻ നേടി. ജയത്തോടെ ഇരുപത്തിനാലു പോയിന്റുമായി പിഎസ്ജി ലീഗിൽ ഒന്നാമതാണ്.
❤️💙⚽️#PSGSRFC pic.twitter.com/5mB6OyYyEI
— Paris Saint-Germain (@PSG_English) November 7, 2020
അതേസമയം ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ അത്ലെറ്റിക്കോ മാഡ്രിഡിന് വിജയം നേടാൻ സാധിച്ചു. കാഡിസിനെയാണ് എതിരില്ലാത്ത നാലു ഗോളുകൾക്ക് അത്ലെറ്റിക്കോ തകർത്തു വിട്ടത്. ഫെലിക്സ് ഇരട്ടഗോളുകൾ നേടിയപ്പോൾ ലോറെന്റെ, സുവാരസ് എന്നിവർ ശേഷിച്ച ഗോളുകൾ നേടി. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ അത്ലെറ്റിക്കോക്ക് സാധിച്ചു. ബുണ്ടസ്ലിഗയിൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ ബൊറൂസിയയെ കീഴടക്കി ബയേൺ വിജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ വിജയം സ്വന്തമാക്കിയത്. ബയേണിന് വേണ്ടി അലാബ, ലെവന്റോസ്ക്കി, സാനെ എന്നിവർ ഗോൾ നേടിയപ്പോൾ ഡോർട്മുണ്ടിന് വേണ്ടി റൂസ്, ഹാലണ്ട് എന്നിവരാണ് ഗോളുകൾ നേടിയത്. പോയിന്റ് ടേബിളിൽ ബയേൺ ഒന്നാമതും ബൊറൂസിയ മൂന്നാമതുമാണ്.
Good game, @BlackYellow 👏#BVBFCB pic.twitter.com/iC9Tkuy8HY
— FC Bayern English (@FCBayernEN) November 7, 2020