ഇവിടെയൊരു പത്താം നമ്പർ താങ്കളെ കാത്തിരിപ്പുണ്ട് : നെയ്മറെ ടീമിലേക്ക് ക്ഷണിച്ച് ബ്രസീലിയൻ താരം!

സൂപ്പർതാരം നെയ്മർ ജൂനിയറെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.താരത്തിന് വേണ്ടിയുള്ള ഓഫറുകൾ കേൾക്കാൻ പിഎസ്ജി തയ്യാറാണ്. ചെൽസി താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ പുറത്തുവന്നെങ്കിലും കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല.

നേരത്തെ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് താരത്തിൽ താല്പര്യമുണ്ട് എന്ന വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ഏതായാലും ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ ജോലിന്റൺ നെയ്മറെ ക്ലബ്ബിലേക്ക് ക്ഷണിച്ചിട്ടുണ്ട്. താങ്കൾക്ക് വേണ്ടി ഒരു പത്താം നമ്പർ ഇവിടെ കാത്തിരിപ്പുണ്ട് എന്നാണ് ജോലിന്റൺ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നെയ്മർക്ക് ഇവിടെ സ്ഥാനമൊരുക്കാൻ ഞങ്ങൾക്ക് സാധിക്കും.ലോകത്തെ ഏത് ടീമിലും നെയ്മർക്ക് സ്ഥാനമുണ്ട്.അദ്ദേഹം ഇവിടേക്ക് വരികയാണെങ്കിൽ അത് വിവരിക്കാനാവാത്ത ഒരു അനുഭവമായിരിക്കും. കാരണം എന്റെ ആരാധനാപാത്രമാണ് നെയ്മർ.ഞാൻ നെയ്മറെ ക്ഷണിക്കുകയാണ്. നെയ്മർ,നിങ്ങൾക്ക് ഇങ്ങോട്ട് വരാം.ഞാൻ നിങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ ഞങ്ങൾക്ക് അവസരം ഉണ്ടെങ്കിൽ തീർച്ചയായും പരിശീലകൻ നെയ്മറെ വിളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഇവിടുത്തെ പത്താം നമ്പർ ജേഴ്സി അദ്ദേഹത്തെ കാത്തിരിപ്പാണ്.ഞാൻ ബ്രൂണോ ഗിമിറസിന് ഒരു മെസ്സേജ് അയക്കും.ബ്രൂണോക്ക് അദ്ദേഹവുമായി കോൺടാക്ട് ഉണ്ട്. അതുകൊണ്ടുതന്നെ നെയ്മറെ ക്ഷണിച്ചു കൊണ്ടുള്ള മെസ്സേജ് ബ്രൂണോക്ക് അയക്കാൻ സാധിക്കും ” ഇതാണ് ജോലിന്റൺ പറഞ്ഞിട്ടുള്ളത്.

ഫുട്ബോൾ ലോകത്തെ ഏറ്റവും സമ്പന്നരായ ക്ലബ്ബുകളിൽ ഒന്നാണ് ന്യൂകാസിൽ യുണൈറ്റഡ്. അവരെ സംബന്ധിച്ചിടത്തോളം നെയ്മറെ കൊണ്ടുവരിക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *