ഇരട്ടഗോളുകളുമായി മെഹ്‌റസ്, ഫോഡൻ, ബേൺലിയെ തച്ചുതകർത്ത് സിറ്റി

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പതാം റൗണ്ട് പോരാട്ടത്തിൽ പെപ് ഗ്വാർഡിയോളയുടെ ശിഷ്യൻമാർക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബേൺലിയെ സിറ്റി തകർത്തു തരിപ്പണമാക്കി വിട്ടത്. ആദ്യപകുതിയിൽ മൂന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകൾ നേടികൊണ്ടാണ് സിറ്റി വിജയമുറപ്പിച്ചത്. റിയാദ് മെഹ്‌റസ്,ഫിൽ ഫോഡൻ എന്നിവരുടെ ഇരട്ടഗോളുകളാണ് സിറ്റിക്ക് തുണയായത്. ശേഷിച്ച ഗോൾ ഡേവിഡ് സിൽവയുടെ വകയായിരുന്നു. ഇരട്ട അസിസ്റ്റുകൾ നേടി ബെർണാഡോ സിൽവയും മത്സരത്തിൽ തിളങ്ങി. ആഴ്‌സണലിനെ തകർത്ത ആവേശത്തിൽ കളത്തിലിറങ്ങിയ സിറ്റി സമഗ്രാധിപത്യമാണ് കാഴ്ച്ചവെച്ചത്. ജയത്തോടെ സിറ്റി രണ്ടാം സ്ഥാനം ഭദ്രമാക്കി. മുപ്പതു മത്സരങ്ങളിൽ നിന്ന് ഇരുപത് വിജയവുമായി 63 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽ നിന്ന് 83 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.

22-ആം മിനുട്ടിൽ ഫിൽ ഫോഡനാണ് ആദ്യവെടി പൊട്ടിച്ചത്. ബെർണാഡോ സിൽവ നൽകിയ പന്ത് ഒരു തകർപ്പൻ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ റിയാദ് മെഹ്‌റസ് ലീഡുയർത്തി. ഫെർണാണ്ടിഞ്ഞോ നൽകിയ പന്ത് ബേൺലി ഡിഫൻഡേഴ്‌സിനെ കബളിപ്പിച്ച് കൊണ്ട് താരം വലയിലെത്തിച്ചു. ആദ്യപകുതിയുൾ അധികസമയത്ത് അഗ്വേറൊയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യം കണ്ടു കൊണ്ട് മെഹ്റസ് ഇരട്ടഗോളുകൾ തികച്ചു. രണ്ടാം പകുതിയുടെ 51-ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ അസിസ്റ്റിൽ നിന്ന് ഡേവിഡ് സിൽവ നിറയൊഴിച്ചു. 63-ആം മിനുട്ടിൽ ജീസസിന്റെ അസിസ്റ്റിൽ നിന്നും ഫിൽ ഫോഡൻ തന്റെ രണ്ടാം ഗോളും തികച്ചു. എല്ലാ മേഖലയിലും സിറ്റി സർവ്വാധിപത്യം പുലർത്തിയപ്പോൾ ബേൺലി ചിത്രത്തിലെ ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *