ആ ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലെ തോൽവിക്ക് കാരണം ഫെർഗൂസന്റെ തന്ത്രങ്ങളെന്ന് റൂണി

2009-ലെയും 2011-ലെയും ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്തവരായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ. ഇരുഫൈനലുകളിലും ബാഴ്സലോണയോട് തോൽവി രുചിച്ച് കിരീടം നഷ്ടപ്പെടാനായിരുന്നു റെഡ് ഡെവിൾസിന്റെ വിധി. 2009-ൽ റോമിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ബാഴ്‌സയോട് തോറ്റത്. മെസ്സിയും ഏറ്റുവുമായിരുന്നു അന്ന് ഗോളുകൾനേടിയത്. 2011-ൽ വീണ്ടും യുണൈറ്റഡ് ബാഴ്സയോട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തലകുനിച്ചു. 3-1 ആയിരുന്നു സ്കോർ. പെഡ്രോയും മെസ്സിയും വിയ്യയും ഗോൾ നേടിയപ്പോൾ ആശ്വാസഗോൾ റൂണിയുടെ കാലുകളിൽ നിന്നായിരുന്നു. എന്നാലിപ്പോഴിതാ അന്നത്തെ യുണൈറ്റഡ് കോച്ച് ഫെർഗൂസണിന്റെ തന്ത്രങ്ങൾ തെറ്റായിരുന്നുവെന്നും അതാണ് ഇരുഫൈനലുകളിലും തോൽവിക്ക് കാരണമായതുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അറിയിച്ചിരിക്കുകയാണ് വെയ്‌ൻ റൂണി. സൺ‌ഡേ ടൈംസിൽ എഴുതിയ കോളത്തിലാണ് റൂണി അന്നത്തെ ഫെർഗൂസന്റെ തന്ത്രങ്ങൾ തെറ്റായിരുന്നുവെന്ന് അറിയിച്ചത്.

” റയൽ മാഡ്രിഡ്‌ പോലെയുള്ള ഒരു വലിയ ക്ലബ് മത്സരത്തിൽ പ്രവേശിച്ച് ഞങ്ങൾ ബോളും വെച്ച് കീഴടങ്ങിയിരിക്കുന്നു എന്ന് പറയുന്നത് എത്ര പരിതാപകരമായ അവസ്ഥയാണ്. അത് തന്നെയാണ് അന്ന് യൂണൈറ്റഡിനും സംഭവിച്ചത്. ഗ്വാർഡിയോളയുടെ ബാഴ്സലോണയോട് Toe-To-Toe ശൈലിയുമായി പോയ ഞങ്ങൾ രണ്ട് തവണയാണ് പരാജയപ്പെട്ടത്. ബാഴ്സക്കെതിരെ ഹൈ പ്രെസ്സിങ് ഗെയിം കളിച്ചതാണ് ഞങ്ങളുടെ തോൽവിക്ക് കാരണം. അന്ന് ഫെർഗൂസൻ പറഞ്ഞത് ഇപ്പോഴും ഞാനോർക്കുന്നു.നമ്മൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. അത്കൊണ്ട് നമ്മൾ ആക്രമണാത്മക ഫുട്ബോൾ കളിക്കുന്നു. അതാണ് നമ്മുടെ ഫുട്ബോൾ ക്ലബിന്റെ പാരമ്പര്യം. ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ എനിക്ക് അപ്പോഴേ അത് ശരിയായി തോന്നിയിരുന്നില്ല. അതാണ് തോൽവിക്ക് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു ” റൂണി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *