അപരാജിത കുതിപ്പ് തുടർന്ന് യുണൈറ്റഡ്, നടന്നുകയറിയത് ചരിത്രനേട്ടത്തിലേക്ക് !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിനാലാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചുവന്ന ചെകുത്താൻമാർ എതിരാളികളെ അവരുടെ തട്ടകത്തിൽ വെച്ച് തന്നെ കശാപ്പുചെയ്തത്. സൂപ്പർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, പോൾ പോഗ്ബ, മേസൺ ഗ്രീൻവുഡ്‌ എന്നിവരാണ് യൂണൈറ്റഡിന് വേണ്ടി വലകുലുക്കിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ബ്രൂണോ ഫെർണാണ്ടസ് തന്റെ ഫോം തുടർന്നു. യുണൈറ്റഡിന്റെ തോൽവി അറിയാത്ത പതിനേഴാമത്തെ മത്സരമായിരുന്നു ഇത്. ഇതിൽ പതിമൂന്ന് ജയങ്ങളും നാല് സമനിലയുമാണ് യുണൈറ്റഡ് നേടിയത്. പന്ത്രണ്ട് ക്ലീൻഷീറ്റുകൾ ഇതിൽ നിന്ന് ഡിഗിയ സ്വന്തമാക്കിയപ്പോൾ 46 ഗോളുകളാണ് അടിച്ചു കൂട്ടിയത്.അതേ സമയം മറ്റൊരു ചരിത്രനേട്ടവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലത്തെ ജയത്തോടെ കുറിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായ നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മൂന്നിലധികം ഗോളുകൾ നേടുന്ന ആദ്യത്തെ ടീമായി മാറാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഈ സീസണിൽ നൂറ് ഗോളുകൾ തികക്കാനും മാഞ്ചെസ്റ്ററിന് സാധിച്ചു.

മത്സരത്തിന്റെ ഇരുപത്തിയേഴാം മിനിറ്റിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഗോൾ വരുന്നത്. ബ്രൂണോ ഹെർണാണ്ടസിനെ ബോക്സിനകത്ത് വെച്ച് ഫൗൾ ചെയ്തു എന്ന കാരണത്താൽ ലഭിക്കപ്പെട്ട പെനാൽറ്റി ബ്രൂണോ തന്നെ ലക്ഷ്യം കാണുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഗ്രീൻവുഡ്‌ ലീഡ് രണ്ടാക്കി ഉയർത്തി. മാർഷ്യലിന്റെ പാസ്സ് സ്വീകരിച്ച താരം പിന്നീട് ഒരു ഷോട്ടിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. 58-ആം മിനുട്ടിൽ ആണ് പോഗ്ബയുടെ ഗോൾ വരുന്നത്. ബ്രൂണോയുടെ കോർണർ കിക്ക് സ്വീകരിച്ച താരം ബോക്സിന് വെളിയിൽ നിന്ന് എടുത്ത തകർപ്പൻ ഷോട്ട് വലയിൽ പതിച്ചതോടെ യുണൈറ്റഡിന്റെ ഗോൾപട്ടിക പൂർത്തിയായി. ജയത്തോടെ യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 58 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം. ഒരു പോയിന്റ് മാത്രം ലീഡ് ഉള്ള ലെയ്സസ്റ്റർ സിറ്റിയാണ് നാലാമത്.

Leave a Reply

Your email address will not be published. Required fields are marked *