ഒഫീഷ്യൽ:പ്രീമിയർ ലീഗ് ജൂൺ പതിനേഴിന് പുനരാരംഭിക്കും, ആദ്യമത്സരം വമ്പൻമാർ തമ്മിൽ

കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ മുടങ്ങികിടക്കുന്ന പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ഔദ്യോഗികതീരുമാനമായി. ജൂൺ പതിനേഴു മുതലാണ് പ്രീമിയർ പന്തുരുണ്ടു തുടങ്ങുക. ലീഗ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂൺ പതിനേഴിന് തന്നെ തീപ്പാറും പോരാട്ടം ആരാധകർക്ക് വീക്ഷിക്കാനാവും. മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും തമ്മിലാണ് ഏറ്റുമുട്ടുക. മറ്റൊരു മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിൽ കൊമ്പുകോർക്കും. കാരബാവോ കപ്പ് ഫൈനലിന് വേണ്ടി മാറ്റിവെച്ച മത്സരങ്ങളാണ് ഇവ. ആദ്യ ഫുൾ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത് ജൂൺ പത്തൊൻപതിനായിരിക്കുമെന്നും പ്രസ്താവനയിലുണ്ട്.

ഇന്നലെയാണ് പ്രീമിയർ ലീഗിന്റെ ഔദ്യോഗികപ്രസ്താവന ഇറങ്ങിയത്. ഇരുപത് ക്ലബുകളും പ്രൊജക്റ്റ്‌ റീസ്റ്റാർട്ടിന് സമ്മതം മൂളുകയായിരുന്നു. എല്ലാ വിധ സുരക്ഷാമാർഗങ്ങളും പാലിച്ചു കൊണ്ടായിരിക്കും മത്സരം നടത്തുകയെന്ന് പ്രീമിയർ ലീഗ് അറിയിച്ചിരുന്നു. ഇനി ലീഗിൽ ആകെ 92 മത്സരങ്ങളാണ് നടക്കാനുള്ളത്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടത്തുക. എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും. സ്കൈ സ്പോർട്സ്, ബിബിസി, ബിട്ടി സ്പോർട്സ്, ആമസോൺ എന്നിവർക്കാണ് ടെലികാസ്റ്റ് ചെയ്യാനുള്ള അവകാശം. എല്ലാ ദിവസങ്ങളിലും മത്സരങ്ങൾ നടത്താനാണ് ലീഗ് അധികൃതർ ഉദ്ദേശിക്കുന്നത്. ഏതായാലും പ്രീമിയർ ലീഗ് തിരിച്ചു വരുന്നതോടെ കളി മൈതാനങ്ങൾ സജീവമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!