അത് അനീതി,ഷെഫീൽഡിനെ കീഴ്ടക്കിയ ശേഷം ക്ലോപ് പറയുന്നു !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന് വിജയം കൈവരിക്കാൻ സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂൾ ഷെഫീൽഡ് യുണൈറ്റഡിനെ തകർത്തു വിട്ടത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ലിവർപൂൾ തിരിച്ചടിച്ചത്. റോബെർട്ടോ ഫിർമിഞ്ഞോ, ഡിയഗോ ജോട്ട എന്നിവരായിരുന്നു ലിവർപൂളിന്റെ ഗോൾ നേടിയത്. എന്നാൽ പതിമൂന്നാം മിനുട്ടിൽ ഷെഫീൽഡ് ലീഡ് നേടിയത് ഒരു പെനാൽറ്റിയിലൂടെയായിരുന്നു. ഫാബിഞ്ഞോ ഷെഫീൽഡ് താരം ഒലി മക്ബർണിയെ ബോക്സിനകത്ത് വെച്ച് ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു പെനാൽറ്റി വിധിച്ചത്. VAR ഉപയോഗിച്ചാണ് പെനാൽറ്റി നൽകിയതെങ്കിലും റഫറിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ ക്ലോപ്. മത്സരശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു. ആ പെനാൽറ്റി തികച്ചും അനീതിയാണെന്നും അതൊരു ഫൗൾ പോലുമല്ലായിരുന്നു എന്നുമാണ് ക്ലോപ് അറിയിച്ചത്.

” ആ പെനാൽറ്റി അനുവദിക്കപ്പെട്ടത് ഒരു ഫൗൾ പോലുമല്ലായിരുന്നു. പലപ്പോഴും ഞങ്ങൾക്ക് അനീതിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ ഞങ്ങൾ മുന്നോട്ട് തന്നെ പോവേണ്ടതുണ്ട്. അത് പെനാൽറ്റി അല്ല എന്ന് തന്നെ വ്യക്തമാൻ. ബോൾ വിൻ ചെയ്യാൻ വേണ്ടിയാണ് താരം ശ്രമിച്ചത്. ഞങ്ങൾ ഒരിക്കൽ കൂടി തെറ്റായ തീരുമാനങ്ങൾക്ക് ഇരയായിരിക്കുകയാണ്. പക്ഷെ ഭാഗ്യവശാൽ ഇന്നത്തെ മത്സരത്തിൽ ഞങ്ങൾക്ക് നല്ലൊരു റിസൾട്ട്‌ ലഭിച്ചു. അത്കൊണ്ട് തന്നെ ഞാൻ അതിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല ” ക്ലോപ് മത്സരശേഷം പറഞ്ഞു. ജയത്തോടെ ലിവർപൂൾ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ആറു മത്സരങ്ങളിൽ നിന്ന് പതിമൂന്ന് പോയിന്റാണ് ലിവർപൂളിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *