എൽ ക്ലാസിക്കോയിലെ മെസ്സിയുടെ ഗോൾ വേട്ട അവസാനിച്ചുവോ? ആരാധകർക്ക് ആശങ്ക !

ഈ സീസനിലെ ആദ്യ എൽ ക്ലാസിക്കോക്ക് ഇന്നലെ അവസാനമായപ്പോൾ ബാഴ്സ ആരാധകർ ഒട്ടും ഇഷ്ടപ്പെടാത്ത ഒരു റിസൾട്ടാണ് സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് ലഭിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബാഴ്സ റയലിന് മുമ്പിൽ തകർന്നടിയുകയായിരുന്നു. മത്സരത്തിന്റെ അവസാനനിമിഷങ്ങൾ ബാഴ്‌സയുടെ കയ്യിൽ നിന്ന് മത്സരം വഴുതിപ്പോവുന്നതാണ് കണ്ടത്. എന്നാൽ ആരാധകർക്ക് ആശങ്കക്ക് വഴി വെച്ച മറ്റൊരു കാര്യം സൂപ്പർ താരം ലയണൽ മെസ്സിയുടെ മോശം ഫോമാണ്. ഈ സീസണിൽ താരത്തിന് തന്റെ ഫോമിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. കേവലം ഒരു ഗോൾ മാത്രമാണ് താരത്തിന് ഇതുവരെ ലീഗിൽ നേടാൻ കഴിഞ്ഞത്. അതിന് ശേഷം ലാലിഗയിൽ ഒരു ഗോളോ ഒരു അസിസ്റ്റോ മെസ്സിക്ക് നേടാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല താരത്തിന്റെ മോശം ഫോം ബാഴ്‌സയെയും ബാധിച്ചിട്ടുണ്ട്. അവസാനമൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ബാഴ്സ ലാലിഗയിൽ വിജയിച്ചിട്ടില്ല.

ഇനി എൽ ക്ലാസിക്കോയുടെ കണക്കിലേക്ക് വന്നാലും മെസ്സി സമീപകാലത്ത് മോശം ഫോമിലാണ് എന്ന് വ്യക്തമാണ്. അവസാനമായി മെസ്സി കളിച്ച ആറു എൽ ക്ലാസ്സിക്കോയിൽ മെസ്സിക്ക് ഇതുവരെ ഒരൊറ്റ തവണ പോലും റയലിന്റെ വലകുലുക്കാൻ സാധിച്ചിട്ടില്ല. അതായത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റയൽ വിട്ടതിന് ശേഷം എൽ ക്ലാസിക്കോയിൽ മെസ്സിക്ക് ഗോളടിക്കാൻ സാധിച്ചിട്ടില്ല. 2018-ൽ മെയിൽ നടന്ന മത്സരത്തിലാണ് മെസ്സി അവസാനമായി എൽ ക്ലാസിക്കോയിൽ ഗോൾ നേടിയത്. അതിന് ശേഷം ഏഴ് എൽ ക്ലാസിക്കോ നടന്നതിൽ ആറെണ്ണത്തിലും മെസ്സി കളിച്ചിട്ടുണ്ട്. ഇതിൽ അഞ്ഞൂറ് മിനുട്ടിൽ പരം കളത്തിലും ചിലവഴിച്ചിട്ടുണ്ട്. എന്നിട്ടും ഒരൊറ്റ തവണ പോലും വലകുലുക്കാൻ മെസ്സിക്ക് സാധിച്ചില്ല. താരത്തിന്റെ ഈ ഗോളടി ക്ഷാമം ആരാധകർക്ക് ഒരല്പം വിഷമമുണ്ടാക്കുന്ന കാര്യമാണ്. പക്ഷെ എൽ ക്ലാസ്സിക്കോയിലെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറർ, അത് മെസ്സി തന്നെയാണ്. 26 തവണയാണ് മെസ്സി ഗോൾ നേടിയിട്ടുള്ളത്. പക്ഷെ അടുത്ത സീസണിൽ മെസ്സി ടീം വിട്ടാൽ ഇനി താരത്തെ എൽ ക്ലാസിക്കോയിൽ ലഭ്യമാവില്ലല്ലോ എന്ന സങ്കടവും ഇപ്പോഴേ ആരാധകരെ അലട്ടി തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!