‘അടുത്ത നെയ്മറി’നെ ടീമിലെത്തിക്കാൻ ലിവർപൂൾ, പിന്നാലെക്കൂടി പിഎസ്ജിയും ബെൻഫിക്കയും

അടുത്ത നെയ്മർ എന്ന വിശേഷണം ചാർത്തികിട്ടിയ താരമാണ് ബ്രസീലിയൻ വണ്ടർ കിഡായ ടാല്ലെസ് മാഗ്നോ. നിലവിൽ ബ്രസീലിയൻ ക്ലബ്‌ വാസ്കോ ഡാ ഗാമയുടെ സ്‌ട്രൈക്കറായ താരത്തിന് പിന്നാലെയാണ് യൂറോപ്പിലെ വമ്പൻ ക്ലബുകൾ. താരത്തിന് രംഗത്തുള്ളവരിൽ മുൻനിരയിൽ നിൽക്കുന്ന ക്ലബാണ് യുർഗൻ ക്ലോപിന്റെ ലിവർപൂൾ. താരത്തെ എത്രയും പെട്ടന്ന് തന്നെ ആൻഫീൽഡിലെത്തിക്കാൻ ക്ലോപ് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ വമ്പൻമാരായ പിഎസ്ജിയും ബെൻഫിക്കയും താരത്തിന് വേണ്ടി രംഗപ്രവേശനം ചെയ്തതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ രംഗം കൊഴുക്കുകയാണ്. പ്രമുഖമാധ്യമമായ മിററാണ് ഈ വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്.

നെക്സ്റ്റ് നെയ്മർ എന്നാണ് ടാല്ലെസ് മാഗ്നോ നിലവിൽ ബ്രസീലിൽ അറിയപ്പെടുന്നത്. കേവലം പതിനേഴുവയസ്സുകാരനായ താരത്തിന്റെ പ്രകടനം സൂപ്പർ താരം നെയ്മറോട് ഏറെ സാദൃശ്യമുള്ളതാണ്. കൂടാതെ വാസ്കോക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. പതിനേഴു മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയ താരം ബ്രസീൽ അണ്ടർ 17 വേൾഡ് കപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്നു. തുടക്കത്തിൽ താരത്തെ വിൽക്കാൻ വാസ്കോ തയ്യാറല്ലായിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി ടീമിനെ സാമ്പത്തികമായി തളർത്തി കളഞ്ഞതോടെ താരത്തെ വിൽക്കാൻ ക്ലബ്‌ തയ്യാറാവുകയായിരുന്നു. എന്നാൽ 27 മില്യൺ പൗണ്ട് ലഭിക്കാതെ താരത്തെ വിട്ടുനൽകില്ല എന്ന തീരുമാനത്തിലാണ് വാസ്കോ. ഏതായാലും താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർകറ്റിൽ പിടിവലി മുറുകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *