25 ഇരട്ടി വർദ്ധനവ്,മെസ്സിയുടെ ജേഴ്‌സി വിറ്റു തീർന്നു,ഇനി ഈ അടുത്ത കാലത്തൊന്നും നോക്കേണ്ട!

ലയണൽ മെസ്സിക്ക് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ ഗംഭീരമായ ഒരു തുടക്കമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രണ്ടു മത്സരങ്ങളാണ് ആകെ മിയാമിക്ക് വേണ്ടി മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 3 ഗോളുകളും ഒരു അസിസ്റ്റും നേടാൻ മെസ്സിക്ക് കഴിഞ്ഞു. രണ്ടു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് മെസ്സിയാണ്.

മെസ്സി വന്നതോടുകൂടി ഇന്റർ മിയാമി എന്ന ക്ലബ്ബിന്റെ പേരും പ്രശസ്തിയും വർദ്ധിച്ചിട്ടുണ്ട്.വലിയ രൂപത്തിലുള്ള ആരാധക പിന്തുണയാണ് അവർക്ക് ഇപ്പോൾ ലഭിക്കുന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ വലിയ ഇമ്പാക്ട് ഉണ്ടായിട്ടുണ്ട്.ജഴ്സി വില്പനയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഇന്റർ മിയാമിയുടെ ജേഴ്സിയുടെ വിൽപ്പനയിൽ ഇപ്പോൾ 25 ഇരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലയണൽ മെസ്സിയുടെ ജേഴ്സികളാണ് വിറ്റു പോകുന്നത്.

പ്രമുഖ ബ്രാൻഡായ അഡിഡാസാണ് ഇന്റർ മിയാമിയുടെ ഒഫീഷ്യൽ ജേഴ്സി നിർമ്മിക്കുന്നത്. 195 ഡോളറാണ് ഒരു ജേഴ്സിക്ക് വിലയായി കൊണ്ട് അഡിഡാസ് നിശ്ചയിച്ചിരിക്കുന്നത്. അമിതമായ ഡിമാൻഡ് മൂലം സപ്ലൈയിൽ വലിയ പ്രശ്നം ഇപ്പോൾ അഡിഡാസ് നേരിടുന്നുണ്ട്. എല്ലാ ഒഫീഷ്യൽ സ്റ്റോറുകളിലും മെസ്സിയുടെ ജേഴ്സി ഇപ്പോൾ തീർന്നിട്ടുണ്ട് എന്നത് മാത്രമല്ല,ഇനി നവംബർ മാസം വരെ ആരാധകർക്ക് മെസ്സിയുടെ ജേഴ്സിക്ക് വേണ്ടി കാത്തിരിക്കേണ്ടിവരും. സ്പാനിഷ് മാധ്യമമായ മാർക്ക ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2030 വരെ അഡിഡാസാണ് ഇന്റർ മിയാമിയുടെ ജഴ്സി നിർമ്മിക്കുക. 830 മില്യൺ ഡോളറിനായിരുന്നു ഈ കോൺട്രാക്ട് ഇവർ ഒപ്പുവെച്ചത്. മെസ്സിയുടെ ജേഴ്സി വിറ്റ് തീരുന്ന പ്രശ്നം ഇതാദ്യമായല്ല അഡിഡാസ് അഭിമുഖീകരിക്കുന്നത്. ഖത്തർ വേൾഡ് കപ്പിന് ശേഷം അർജന്റീനയുടെ മൂന്ന് സ്റ്റാറുകൾ ഉള്ള മെസ്സിയുടെ ജേഴ്സിക്ക് ഡിമാൻഡ് വർധിച്ചിരുന്നു. അന്നും അഡിഡാസ് ഡിമാന്റിന് അനുസരിച്ചുള്ള സപ്ലൈ പ്രശ്നങ്ങൾ നേരിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *