MNM നോട് അസൂയയില്ല,ഞങ്ങളുടെ താരങ്ങൾ മികച്ചവർ :ഒലിവർ ഖാൻ പറയുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വന്തം മൈതാനത്ത് പിഎസ്ജി പരാജയപ്പെട്ടത്. മത്സരത്തിൽ സൂപ്പർതാരങ്ങളായ മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെ ഇറങ്ങിയിരുന്നുവെങ്കിലും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഇനി ചാമ്പ്യൻസ് ലീഗിൽ മുന്നോട്ടു പോവണമെങ്കിൽ പിഎസ്ജിക്ക് രണ്ടാം പാദ മത്സരത്തിൽ വിജയം അനിവാര്യമാണ്.

ഏതായാലും പിഎസ്ജിയുടെ സൂപ്പർ മുന്നേറ്റ നിരയായ MNM ത്രയത്തെക്കുറിച്ച് ബയേൺ ഇതിഹാസവും അവരുടെ ചെയർമാനുമായ ഒലിവർ ഖാൻ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അതായത് പിഎസ്ജിയുടെ MNM മുന്നേറ്റ നിരയോട് തനിക്ക് അസൂയയില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ടീം എന്ന നിലയിൽ ബയേണിലുള്ള താരങ്ങളാണ് മികച്ചവരെന്നും ഒലിവർ ഖാൻ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ RMC റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എനിക്ക് ആ മൂന്ന് താരങ്ങളോടും വളരെയധികം ബഹുമാനമുണ്ട്,പക്ഷേ ഞങ്ങളുടെ ടീമിന്റെ കാര്യത്തിലും മുന്നേറ്റ നിരയുടെ കാര്യത്തിലും ഞാൻ സംതൃപ്തനാണ്.ഞങ്ങളുടെ ക്ലബ്ബിലും കൂടുതൽ സൂപ്പർതാരങ്ങൾ ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.സാഡിയോ മാനെ,മാനുവൽ ന്യൂയർ,ജോഷുവ കിമ്മിച്ച്,മുള്ളർ,മുസിയാല എന്നിവരൊക്കെ സൂപ്പർ താരങ്ങളാണ്. എനിക്ക് ഒരുപക്ഷേ എന്റെ ടീമിനെ മുഴുവനായിട്ടും പറയേണ്ടിവരും. ഒരുപാട് മികച്ച താരങ്ങൾ ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.കാൻസെലോക്ക് വേറെ ഏത് ക്ലബ്ബിലേക്ക് വേണമെങ്കിലും പോകാമായിരുന്നു. പക്ഷേ അദ്ദേഹം ഇങ്ങോട്ടാണ് വന്നത്. ഒരു ടീം എന്ന നിലയിൽ ഞങ്ങളുടെ താരങ്ങൾ മികച്ചു നിൽക്കുന്നു “ഇതാണ് ഒലിവർ ഖാൻ പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലാണ് രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിന് വേണ്ടി പിഎസ്ജി ഇറങ്ങുക. നാളെ രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!