ഷോക്കായി പോയി,അവർക്കെതിരെ കേസ് നൽകും :ഗാൾട്ടിയർ!

കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുവന്നത്. അദ്ദേഹം നീസിൽ പരിശീലകനായിരുന്ന സമയത്ത് വംശീയാധിക്ഷേപങ്ങൾ നടത്തുകയും മതത്തെ അവഹേളിക്കുകയും ചെയ്തു എന്നാണ് ആരോപണം.നീസിന്റെ മുൻ ഡയറക്ടർ ആയിരുന്ന ജൂലിയൻ ഫോർനിയർ ക്ലബ്ബിന്റെ ഉടമസ്ഥർക്ക് ഒരു ഇ-മെയിൽ അയക്കുകയായിരുന്നു.എന്നാൽ ആ ഇ-മെയിൽ പിന്നീട് ലീക്കാവുകയാണ് ചെയ്തിട്ടുള്ളത്.

അതായത് ടീമിനകത്ത് ഒരുപാടു മുസ്ലിം താരങ്ങളും ഒരുപാട് കറുത്ത വംശജരും ഉണ്ട് എന്നാണ് ഗാൾട്ടിയർ പരാതി പറഞ്ഞതായി ആരോപിക്കപ്പെടുന്നത്.ഇതിന്മേൽ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്.എന്നാൽ ഗാൾട്ടിയർ ഇതിനോട് തന്റെ പ്രതികരണം ഇപ്പോൾ അറിയിച്ചു കഴിഞ്ഞു. ഇതൊക്കെ കേട്ടപ്പോൾ താൻ ഷോക്കായിപ്പോയെന്നും ഈ വ്യാജമായ ആരോപണം ഉയർത്തിയവർക്കെതിരെ കേസ് നൽകുമെന്നും ഗാൾട്ടിയർ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Espn റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഈ ആരോപണങ്ങൾ കേട്ടപ്പോൾ ഞാൻ യഥാർത്ഥത്തിൽ ഷോക്കായി പോവുകയാണ് ചെയ്തിട്ടുള്ളത്.ഈ ആരോപണങ്ങൾ എല്ലാം എന്നെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. എല്ലാം മതങ്ങളോടും വംശങ്ങളോടും ബഹുമാനം പുലർത്തിക്കൊണ്ട് വളർന്നു വന്നിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. എന്റെ ജീവിതവും കരിയർ എല്ലാവരുമായും പങ്കിട്ടു കൊണ്ടാണ് ഞാൻ പടുത്തുയർത്തിയത്. എന്റെയും എന്റെ കുടുംബത്തിന്റെയും പേര് ദുരുപയോഗം ചെയ്യുന്നത് ഞാൻ ഒരിക്കലും അംഗീകരിക്കില്ല. അതുകൊണ്ടുതന്നെ എന്നെ തകർക്കാൻ ശ്രമിക്കുന്ന ഈ ആരോപണങ്ങൾ ഉയർത്തിയവർക്കെതിരെ ഞാൻ നിയമനടപടി സ്വീകരിക്കുക തന്നെ ചെയ്യും. മാത്രമല്ല എനിക്കെതിരെ ആരംഭിച്ച ഈ അന്വേഷണത്തെ ഞാൻ സ്വീകരിക്കുകയും ചെയ്യുന്നു. ഇനി ഈ വിഷയത്തിൽ ഞാൻ ഒരു പ്രസ്താവനയും നടത്തില്ല “പിഎസ്ജി പരിശീലകൻ പറഞ്ഞു.

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ ലെൻസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. രണ്ടാം സ്ഥാനത്തുള്ള ലൻസ് ഇന്ന് പിഎസ്ജിക്ക് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!