പിഎസ്ജി പരിശീലകൻ ടുഷേലിനെ പുറത്താക്കി, പകരമെത്താൻ സാധ്യതയുള്ളത് സൂപ്പർ പരിശീലകൻ !

പിഎസ്ജിയുടെ നിലവിലെ പരിശീലകൻ തോമസ് ടുഷേലിനെ തൽസ്ഥാനത്ത് നിന്നും പുറത്താക്കി. പ്രമുഖഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.എന്നാൽ പിഎസ്ജി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഉടൻ തന്നെ ഔദ്യോഗികസ്ഥിരീകരണമുണ്ടായേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഈ സീസണിൽ ലീഗ് വണ്ണിൽ പേരിനും പെരുമക്കുമൊത്ത പ്രകടനമല്ല പിഎസ്ജിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതാണ് ടുഷേലിന് വിനയായത്.ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചുവെങ്കിലും തുടക്കത്തിൽ വളരെ മോശം പ്രകടനമായിരുന്നു പിഎസ്ജി പുറത്തെടുത്തിരുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ ഫൈനലിൽ എത്തിക്കാൻ ടുഷേലിന് സാധിച്ചിരുന്നു. ബയേണിനോടായിരുന്നു പിഎസ്ജി ഫൈനലിൽ പരാജയമറിഞ്ഞത്.

പിഎസ്ജിക്ക്‌ ആറ് കിരീടങ്ങൾ നേടികൊടുക്കാൻ ടുഷേലിന് കഴിഞ്ഞിട്ടുണ്ട്. 127 മത്സരങ്ങളിലാണ് ഇദ്ദേഹം പിഎസ്ജിയെ പരിശീലിപ്പിച്ചത്. ഇതിൽ 96 എണ്ണത്തിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്. 20 തവണയാണ് ഇദ്ദേഹത്തിന്റെ കീഴിൽ പിഎസ്ജി തോൽവി അറിഞ്ഞിട്ടുള്ളത്. അതേസമയം പിഎസ്ജിയുടെ പരിശീലകനാവാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് മുൻ ടോട്ടൻഹാം പരിശീലകൻ പോച്ചെട്ടിനോക്കാണ്. പോച്ചെട്ടിനോയുമായി പിഎസ്ജി അധികൃതർ സംസാരിച്ചുവെന്നും 24 മണിക്കൂറിനകം കരാറിലെത്തുമെന്നാണ് അറിയാൻ കഴിയുന്നത്. സ്ഥാനമേൽക്കുന്ന പരിശീലകൻ ഏതായാലും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ബാഴ്സയെ മറികടക്കുക എന്നുള്ളതാണ് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!