വിജയകരമായ ഡ്രിബിളുകൾ, മെസ്സി ബഹുദൂരം മുന്നിൽ!
ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ മെസ്സി മോശമല്ലാത്ത രൂപത്തിൽ തന്നെയാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. പിഎസ്ജിക്കായി ഇതുവരെ മൂന്ന് ഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ മൂന്ന് ഗോളുകളും പിറന്നത് യുവേഫ ചാമ്പ്യൻസ് ലീഗിലായിരുന്നു. അതായത് ലീഗ് വണ്ണിൽ നാല് മത്സരങ്ങൾ കളിച്ചിട്ടും മെസ്സിക്ക് ഗോൾ നേടാൻ സാധിച്ചിട്ടില്ല. കൂടാതെ പിഎസ്ജിക്കായുള്ള അസിസ്റ്റും മെസ്സിയിൽ നിന്ന് അകന്ന് നിൽക്കുകയാണ്.
ഏതായാലും ഈ വർഷവും ലയണൽ മെസ്സിയുടെ പ്രകടനമികവിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. എന്തെന്നാൽ ഈ വർഷം എല്ലാ കോമ്പിറ്റീഷനിലുമായി ഏറ്റവും കൂടുതൽ ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കിയ താരം ലയണൽ മെസ്സിയാണ്. 228 തവണയാണ് മെസ്സി എതിരാളികളെ മറികടന്നു മുന്നേറിയിട്ടുള്ളത്.സോഫ സ്കോർ ഡോട്ട് കോമാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
— Paris Saint-Germain (@PSG_English) October 26, 2021
രണ്ടാം സ്ഥാനത്ത് വരുന്നത് ബയേണിന്റെ സൂപ്പർ താരമായ അൽഫോൺസോ ഡേവിസാണ്.182 തവണയാണ് ഡേവിസ് എതിരാളികളെ വിജയകരമായി മറികടന്നത്. മൂന്നാം സ്ഥാനത്ത് മറ്റൊരു പിഎസ്ജി താരമായ കിലിയൻ എംബപ്പേ ഇടം നേടിയിട്ടുണ്ട്.172 തവണയാണ് ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കിയത്.നാലാം സ്ഥാനത്ത് വരുന്നത് വോൾവ്സിന്റെ സ്പാനിഷ് താരമായ ട്രെയോറെയാണ്.171 തവണയാണ് താരം ഡ്രിബിളുകൾ പൂർത്തിയാക്കിയിട്ടുള്ളത്. അഞ്ചാം സ്ഥാനത്ത് വരുന്നത് മറ്റൊരു പിഎസ്ജി താരമായ നെയ്മർ ജൂനിയറാണ്.158 തവണയാണ് നെയ്മർ ഈ വർഷം ഡ്രിബിളുകൾ പൂർത്തിയാക്കിയിട്ടുള്ളത്.
ഏതായാലും ഈ അഞ്ച് പേരുടെ ലിസ്റ്റിൽ മൂന്ന് പേരും പിഎസ്ജി താരങ്ങളാണ്. മെസ്സി, നെയ്മർ, എംബപ്പേ എന്നീ ത്രയം എത്രത്തോളം വിനാശകാരികളാണ് എന്നുള്ളതിന്റെ കൃത്യമായ തെളിവുകളാണ് ഈ കണക്കുകൾ.