മെസ്സിക്കും നെയ്മർക്കും ലഭിക്കാത്തത്,വെറാറ്റിക്ക് ഗംഭീര വിടവാങ്ങലൊരുക്കി പിഎസ്ജി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നീസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേ ഇരട്ട ഗോളുകൾ നേടിയിട്ടും പിഎസ്ജി പരാജയപ്പെടുകയായിരുന്നു.ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ കേവലം രണ്ടു മത്സരത്തിൽ മാത്രമാണ് പിഎസ്ജി വിജയിച്ചിട്ടുള്ളത്.
സ്വന്തം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.എന്നാൽ ഈ മത്സരത്തിനു മുന്നേ തങ്ങളുടെ ഇറ്റാലിയൻ ഇതിഹാസമായ മാർക്കോ വെറാറ്റിക്ക് ഗംഭീരമായ ഒരു യാത്രയയപ്പ് പിഎസ്ജി നൽകിയിട്ടുണ്ട്.പിഎസ്ജിയുടെ ആരാധക കൂട്ടായ്മയായ അൾട്രാസും ഇതിൽ പങ്കാളികളായിട്ടുണ്ട്. നേരത്തെ വെറാറ്റിയോട് ക്ലബ് വിട്ട് പുറത്തുപോകാൻ പരസ്യമായി ആവശ്യപ്പെട്ടവരായിരുന്നു പിഎസ്ജി ആരാധകർ.
അതുകൊണ്ടുതന്നെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വെറാറ്റി ക്ലബ്ബ് വിടാൻ നിർബന്ധിതനാവുകയായിരുന്നു. ഖത്തർ ക്ലബ്ബായ അൽ അറബിയിലേക്കാണ് വെറാറ്റി പോകുന്നത്. ഏതായാലും നല്ലൊരു യാത്രയപ്പ് ലഭിച്ചു എന്നത് വെറാറ്റിക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. 11 വർഷക്കാലം ക്ലബ്ബിൽ ചിലവഴിച്ച വെറാറ്റിക്ക് അർഹിച്ച ഒരു വിടവാങ്ങൽ ചടങ്ങ് തന്നെയാണ് ലഭിച്ചത്.
PSG say goodbye to Marco Verratti 👋🇮🇹 pic.twitter.com/kX5otNSndm
— Get Football (@GetFootballEU) September 15, 2023
എന്നാൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും നെയ്മർ ജൂനിയറുടെയും കാര്യം അങ്ങനെയല്ലായിരുന്നു. അവർക്ക് പിഎസ്ജി വിടവാങ്ങൽ ചടങ്ങ് നൽകിയിട്ടില്ലായിരുന്നു.മാത്രമല്ല ക്ലബ്ബ് വിട്ടതിനുശേഷം മെസ്സിയെയും നെയ്മറെയും പിഎസ്ജി ആരാധകർ വേട്ടയാടിയിരുന്നു. രണ്ട് പേർക്കെതിരെയും മോശമായ രീതിയിൽ പിഎസ്ജി അൾട്രാസ് ബാനർ ഉയർത്തിയിരുന്നു. മയാമിയിൽ പോയിക്കൊണ്ട് വരെ മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ ബാനർ ഉയർത്തിയിരുന്നു. ഏതായാലും മെസ്സിയും നെയ്മറും പിഎസ്ജി വിട്ടതിൽ ഇവരുടെ ആരാധകർക്ക് സന്തോഷമുണ്ട്. കൂടാതെ പിഎസ്ജിയുടെ മോശം ഫോമും ഈ സന്തോഷം ഇരട്ടിപ്പിക്കുന്നതാണ്.