നെയ്മർ ജൂനിയറെ കുറിച്ച് മനസ്സ് തുറന്ന് പോച്ചെട്ടിനോ !

പിഎസ്ജിയുടെ പുതിയ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ ഇന്ന് അരങ്ങേറ്റമത്സരത്തിനുള്ള ഒരുക്കത്തിലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30 ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ സെന്റ് എറ്റിനിയാണ് പിഎസ്ജിയുടെ എതിരാളികൾ. ജയത്തോടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് പോച്ചെട്ടിനോ. എന്നാൽ സൂപ്പർ താരം നെയ്മർ ജൂനിയറെ പോച്ചെട്ടിനോക്ക്‌ ഇന്ന് ലഭ്യമാവില്ല. ലിയോണിനെതിരെയുള്ള മത്സരത്തിൽ ആങ്കിളിന് പരിക്കേറ്റ താരം വിശ്രമത്തിലാണ്. എന്നാൽ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ നെയ്മറെ പറ്റിയുള്ള ചോദ്യം പോച്ചെട്ടിനോക്ക്‌ നേരിടേണ്ടി വരികയും ചെയ്തിരുന്നു. അദ്ദേഹം നെയ്‌മറെ കുറിച്ച് മനസ്സ് തുറക്കുകയും ചെയ്തു. നെയ്മർ ഒരു നായകനാണ് എന്നാണ് പോച്ചെട്ടിനോ അഭിപ്രായപ്പെട്ടത്.

” ഡിഫൻസീവ്, ഒഫൻസീവ് കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ എനിക്കിഷ്ടമാണ്. അത്പോലെ തന്നെ ഗേമിംഗ് സിസ്റ്റംസ്, ടാക്ടിക്കൽ പ്ലാൻ എന്നിവയെയൊക്കെ കുറിച്ച് സംസാരിക്കാനും എനിക്കിഷ്ടമാണ്. പിഎസ്ജിയുടെ ഗ്രൂപ്പിനൊപ്പം നെയ്മർ പരിശീലനം ആരംഭിച്ചാൽ ഈ കാര്യങ്ങളെ കുറിച്ചൊക്കെ ഞാൻ അദ്ദേഹത്തോട് സംസാരിക്കും. കളത്തിനകത്തെ ഒരു നായകനാണ് അദ്ദേഹം. അത്കൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ പരമാവധി ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. പക്ഷെ എല്ലാ താരങ്ങളും ലീഡർമാർ തന്നെയാണ്. പക്ഷെ കളത്തിനകത്ത് ഒരു മികച്ച ടീമായി നിലകൊള്ളുക എന്നുള്ളതിനാണ് പ്രാധാന്യം നൽകേണ്ടത് ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!