നെയ്മർക്ക് ഉയർച്ചതാഴ്ച്ചകൾ ഉണ്ട്,ഇതേ കുറിച്ച് മെസ്സിയോട് സംസാരിച്ചു :പോച്ചെട്ടിനോ!

ഈ സീസണിന്റെ തുടക്കത്തിൽ മികച്ച രൂപത്തിൽ കളിക്കാൻ സൂപ്പർതാരം നെയ്മർ ജൂനിയർ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ ആരാധകർ അദ്ദേഹത്തെ കൂവി വിളിക്കുകയും ചെയ്തിരുന്നു.

എന്നാൽ നിലവിൽ മികച്ച രൂപത്തിലാണ് നെയ്മർ കളിച്ചു കൊണ്ടിരിക്കുന്നത്.ലോറിയെന്റ്,ക്ലർമോന്റ് ഫൂട്ട് എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് നെയ്മർ നേടിയിരുന്നത്. ഏതായാലും ഇതേക്കുറിച്ച് പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. എല്ലാവരെയും പോലെ നെയ്മർക്കും ഉയർച്ചതാഴ്ച്ചകൾ ഉണ്ട് എന്നാണ് പോച്ചെട്ടിനോ പറഞ്ഞത്. കരിയറിലെ ഉയർച്ച താഴ്ചകളെ കുറിച്ച് താൻ മെസ്സിയുമായി സംസാരിച്ചിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പോച്ചെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മർക്ക് ചില പരിക്കുകൾ ഉണ്ടായിരുന്നു. ഒരു ഗുരുതരമായ പരിക്കും ഈ സീസണിൽ അദ്ദേഹത്തെ വേട്ടയാടി. കഴിഞ്ഞ സമ്മറിൽ കോപ്പ അമേരിക്ക കളിച്ചതിനു ശേഷം ഒരു തുടർച്ച കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ ബെസ്റ്റ് ലെവൽ പുറത്തെടുക്കുന്നതിൽനിന്നും ഈ തുടർച്ച ഇല്ലായ്മ അദ്ദേഹത്തെ തടയുകയായിരുന്നു. ഇത് എല്ലാ താരങ്ങളുടെയും കരിയറിൽ ഉണ്ടാവുന്ന പ്രശ്നമാണ്. ടീമിലെ എല്ലാവർക്കും ഉണ്ടാവുന്നത് പോലെ ഉയർച്ചകളും താഴ്ചകളും നെയ്മർക്കുമുണ്ട്. ഇതിനെക്കുറിച്ച് ഞാൻ മെസ്സിയുമായി സംസാരിച്ചിരുന്നു. ടീം പ്രോഗ്രസ് ആയി വരുന്ന സമയത്താണ് റയലിനെതിരെയുള്ള മത്സരം വന്നത്.ഞങ്ങൾ ഞങ്ങളുടേതായ രീതി കണ്ടെത്തിയിരുന്നു. പക്ഷേ ആ തോൽവി ഞങ്ങൾക്ക് തിരിച്ചടിയായി ” ഇതാണ് പോച്ചെ പറഞ്ഞിട്ടുള്ളത്.

ഈ ലീഗ് വണ്ണിൽ 19 മത്സരങ്ങളാണ് നെയ്മർ കളിച്ചിട്ടുള്ളത്. അതിൽനിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളുമാണ് നെയ്മറുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!