നെയ്മറുടെ വീടിനു മുന്നിലെ പ്രതിഷേധം,പിഎസ്ജി ആരാധകർക്കെതിരെ ഗാൾട്ടിയർ!

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പിഎസ്ജി ആരാധക കൂട്ടായ്മയായ പിഎസ്ജി അൾട്രാസ്‌ വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നത്. സൂപ്പർതാരം നെയ്മർ ജൂനിയറുടെ വീടിനു മുന്നിലും പിഎസ്ജി ആരാധകർ പ്രതിഷേധിച്ചിരുന്നു. ക്ലബ്ബ് വിട്ട് പുറത്തുപോകൂ എന്നായിരുന്നു നെയ്മറോട് പിഎസ്ജി ആരാധകർ ആവശ്യപ്പെട്ടിരുന്നത്.ഇവരുടെ ഈ പ്രവർത്തിയിൽ നെയ്മർ ജൂനിയർ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഏതായാലും ഈ പ്രതിഷേധങ്ങളെക്കുറിച്ച് പിഎസ്ജി പരിശീലകൻ ക്രിസ്റ്റോഫ് ഗാൾട്ടിയർ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. നെയ്മറുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചതിൽ പിഎസ്ജി ആരാധകരെ വിമർശിക്കുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. എവിടെയൊക്കെ പ്രതിഷേധിച്ചാലും വീടിനു മുന്നിൽ പ്രതിഷേധം നടത്താൻ പാടില്ലെന്നും താരങ്ങളുടെ പ്രൈവസിയെ മാനിക്കണമെന്നും ഗാൾട്ടിയർ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു താരത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധം നടന്നിട്ടുണ്ട്, അതിൽ വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്.തീർച്ചയായും പ്രൈവറ്റ് ജീവിതം എപ്പോഴും പ്രൈവറ്റ് ആയിക്കൊണ്ടുതന്നെ തുടരണം. ഞങ്ങളുടെ ആരാധകരുടെ ദേഷ്യവും അസ്വസ്ഥതയും എനിക്ക് മനസ്സിലാവും. പരിശീലന മൈതാനത്തോ ക്ലബ്ബിന്റെ ഓഫീസിന് മുന്നിലോ സ്റ്റേഡിയത്തിൽ വച്ചോ നിങ്ങൾക്ക് പ്രതിഷേധം നടത്താം. പക്ഷേ ആരുടെയും വീടിനു മുന്നിൽ പ്രതിഷേധം നടത്തുന്നത് ഞാൻ ഒരിക്കലും അംഗീകരിക്കില്ല. അത് നെയ്മറുടെ വീടിന് മുന്നിലായാലും മറ്റു താരങ്ങളുടെ വീടിന് മുന്നിലായാലും ഞാൻ ഒരിക്കലും അംഗീകരിക്കില്ല ” ഇതാണ് ഇപ്പോൾ പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പരിക്കു മൂലം നെയ്മർ ജൂനിയർ നിലവിൽ പുറത്താണ്. ഈ സീസണിൽ ഇനി അദ്ദേഹത്തിന്റെ സേവനം ക്ലബ്ബിന് ലഭ്യമാവില്ല.താരത്തെ ഒഴിവാക്കാൻ ഇപ്പോൾ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ പിഎസ്ജി വിടാൻ തന്നെയാണ് സാധ്യതകൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!