അടുത്ത സീസണിൽ മെസ്സി ഉഷാറാകും : റൊണാൾഡീഞ്ഞോ!

ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് മികച്ച ഒരു തുടക്കമായിരുന്നില്ല ലഭിച്ചിരുന്നത്. തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ മെസ്സിക്ക് പിഎസ്ജിയിൽ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഈ സീസണിൽ മെസ്സിക്ക് പല ഭാഗത്ത് നിന്നും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

എന്നാൽ മെസ്സിയുടെ മുൻ സഹതാരവും ബ്രസീലിയൻ ഇതിഹാസവുമായ റൊണാൾഡിഞ്ഞോ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സിയുടെ മികവ് മങ്ങിയത് സാധാരണമായ ഒരു കാര്യമാണെന്നും അടുത്ത സീസണിൽ കൂടുതൽ മികച്ച മെസ്സിയെ നമുക്ക് കാണാമെന്നുമാണ് റൊണാൾഡിഞ്ഞോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ടെലിഫൂട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡീഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. ഒരുപാട് കാലം മറ്റൊരു ക്ലബ്ബിൽ ചിലവഴിച്ചതിനു ശേഷമാണ് മെസ്സി പിഎസ്ജിയിലേക്ക് എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അഡാപ്റ്റാവുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല. പക്ഷേ അടുത്ത സീസൺ ആവുമ്പോഴേക്കും കൂടുതൽ അഡാപ്റ്റേഷൻ നടക്കും. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ കൂടുതൽ മികച്ച മെസ്സിയെ നമുക്ക് കാണാൻ സാധിക്കും ” ഇതാണ് റൊണാൾഡിഞ്ഞോ പറഞ്ഞത്.

കഴിഞ്ഞ മോന്റ്പെല്ലിയറിനെതിരെയുള്ള മത്സരത്തിൽ മെസ്സി ഇരട്ട ഗോളുകൾ കരസ്ഥമാക്കിയിരുന്നു. 11 ഗോളുകളാണ് മെസ്സി ഇതുവരെ പിഎസ്ജിക്ക് വേണ്ടി നേടിയിട്ടുള്ളത്.13 അസിസ്റ്റുകൾ മെസ്സി ലീഗ് വണ്ണിൽ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *