മത്സരത്തിലെ കയ്യാങ്കളി, റഫറിയുടെ കഴിവുകേടെന്ന് ആരോപിച്ച് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ !

ഇന്നലെ നടന്ന പിഎസ്ജി vs മാഴ്സെ പോരാട്ടം നാടകീയസംഭവങ്ങൾക്കാണ് വഴിവെച്ചിരുന്നത്. മത്സരത്തിന്റെ അവസാനനിമിഷങ്ങൾ മത്സരം തീർത്തു കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഏകദേശം നാലു മിനുട്ടിന് മുകളിലാണ് ഈ സംഭവവുമായി മത്സരം തടസ്സപ്പെട്ടത്. സൂപ്പർ താരം നെയ്മർ ജൂനിയർ തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നതായും ആരോപിച്ചിരുന്നു. ഒടുവിൽ അഞ്ച് റെഡ് കാർഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. നെയ്മർ, കുർസാവ, പരേഡസ് എന്നിവർക്കും മാഴ്സെ താരങ്ങളായ ജോർദാൻ അമാവി, ബെനഡെറ്റോ എന്നിവർക്കും ചുവപ്പ് കാർഡ് കാണേണ്ടി വന്നു. കൂടാതെ പതിനാല് യെല്ലോ കാർഡുകളാണ് മത്സരത്തിലുടനീളം പിറന്നത്. ഇപ്പോഴിതാ മത്സരത്തിലെ കയ്യാങ്കളി റഫറിയുടെ കഴിവുകേടാണ് എന്ന് ആരോപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ. ഇന്നലത്തെ മത്സരത്തിന് ശേഷം എൽ എക്വിപേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം റഫറിയെ രൂക്ഷമായി വിമർശിച്ചത്. കാര്യം ഗൗരവമായി തങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും നെയ്മർ ആരോപിച്ച വംശീയാധിക്ഷേപപരാമർശങ്ങൾ തങ്ങൾ ഗൗരവമായി തന്നെ പരിശോധിക്കുമെന്നും ലിയനാർഡോ അറിയിച്ചിട്ടുണ്ട്. ബ്രിസാർഡ് ജെറോം എന്ന റഫറിക്കെതിരെയാണ് ലിയനാർഡോ രൂക്ഷമായി പ്രതികരിച്ചത്.

“മത്സരത്തിൽ അഞ്ച് റെഡ് കാർഡുകളും പതിനാലു യെല്ലോ കാർഡുകളുമാണ് പുറത്തെടുത്തത്. അതിനർത്ഥം മത്സരം നിയന്ത്രണാതീതമായിരുന്നു എന്നാണ്. മോശം പെരുമാറ്റം നടത്തിയ ആളുകളെ ഞാൻ അനുകൂലിക്കുകയല്ല, പക്ഷെ റഫറിയുടെ കഴിവുകേടാണ് ഇതിലേക്ക് നയിച്ചത്. കോപ്പ ഡെ ലാലിഗ ഫൈനൽ ഒക്കെ നിയന്ത്രിച്ച റഫറിയാണ് മത്സരം നിയന്ത്രിച്ചത്. പക്ഷെ ഇത്തരത്തിലുള്ള മത്സരങ്ങൾ നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിവില്ല. അദ്ദേഹം വളർന്നു വരുന്നതേയൊള്ളൂ. നെയ്മറുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അന്വേഷിക്കും. മത്സരത്തിന്റെ നിയന്ത്രണം തന്നെ റഫറിക്ക് നഷ്ടമായിരുന്നു. മത്സരത്തിലെ സമാധാനഅന്തരീക്ഷവും റഫറിക്ക് നഷ്ടമായി. ഞാൻ ഫ്രഞ്ച് ചാമ്പ്യൻഷിപ്പിനെ വിമർശിക്കുകയല്ല. പക്ഷെ ഇത്തരത്തിലുള്ള ഒരു മത്സരം വരുമ്പോൾ ടോപ് ഫ്ലൈറ്റിലുള്ള രണ്ട് റഫറിമാരെ നിയമിക്കണം ” ലിയനാർഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *