പിഎസ്ജി സൂപ്പർ താരത്തിന് അസുഖം, പരിശീലനത്തിനെത്തിയില്ല
പിഎസ്ജിയുടെ മിന്നും താരം കെയ്‌ലിൻ എംബപ്പേക്ക് അസുഖം. താരത്തിന് തൊണ്ടവേദന കാരണം കഴിഞ്ഞ ദിവസം പരിശീലനത്തിലെത്തിയില്ല. ഇന്നലെ നടന്ന പരിശീലനസെഷനാണ് താരത്തിന് അസുഖം മൂലം നഷ്ടമായത്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടാൻ താരം ഉണ്ടാവുമോ എന്നുള്ള കാര്യം ഇപ്പോൾ സംശയത്തിലാണ്.
PSG : Mbappé ne s’est pas entraîné https://t.co/2cronLA112 #Rediff
— Le Parisien – PSG (@le_Parisien_PSG) March 9, 2020
നിലവിൽ എല്ലാം കൊണ്ടും തിരിച്ചടികൾ നേരിടുകയാണ് പിഎസ്ജി. കഴിഞ്ഞ ദിവസം ലീഗ് വണ്ണിൽ നടക്കേണ്ട സ്ട്രാസ്ബർഗിനെതിരായ മത്സരം മാറ്റിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും നടക്കുക. കൊറോണ ഭീതിയെ തുടർന്ന് പാരിസ് പോലീസിന്റെ നിർദ്ദേശത്തിനെ തുടർന്നാണ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ധാരണയായത്. രണ്ടാം പാദത്തിൽ ജയം അനിവാര്യമായ സാഹചര്യത്തിൽ കാണികളുടെ അഭാവം പിഎസ്ജിക്ക് വളരെ വലിയ തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച്ച രാവിലെ മുതലാണ് എംബപ്പേക്ക് അസ്വസ്ഥതകൾ തുടങ്ങിയതെന്നാണ് ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത്കൊണ്ട് തന്നെ ബുധനാഴ്ച്ച താരത്തെ ലഭ്യമാവുമോ എന്ന് ഒരു കാരണവശാലും ഉറപ്പ് പറയാനൊക്കില്ല എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിൽ താരത്തിന്റെ അസുഖം പിഎസ്ജി പരിശീലകൻ തോമസ് ടഷേലിന് വലിയ തോതിൽ തലവേദന സൃഷ്ടിചിരിക്കുകയാണ്. കാരണം നിർണായകതാരങ്ങളായ വെറാറ്റിക്കും മുനീറിനും രണ്ടാംപാദമത്സരം കളിക്കാനാവില്ല. ഇവരെ കൂടാതെ എംബപ്പേയെ കൂടി നഷ്ടപ്പെട്ടാൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് പിഎസ്ജി പരിശീലകൻ.