നെയ്മറുടെ പരിക്ക്, തിരിച്ചടിയേറ്റ് പിഎസ്ജിയും ബ്രസീലും !

സൂപ്പർ താരം നെയ്മർ ജൂനിയറുടെ പരിക്ക് ആരാധകർക്കിടയിൽ ആശങ്കക്ക് വഴിയൊരുക്കുന്നു. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിനിടെയാണ് സൂപ്പർ താരത്തിന് പരിക്കേറ്റത്. ഇസ്താംബൂളിനെതിരെയുള്ള മത്സരത്തിന്റെ ഇരുപത്തിയാറാം മിനിറ്റിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് പരിശീലകൻ താരത്തെ പിൻവലിക്കുകയും സറാബിയയെ ഇറക്കുകയും ചെയ്തു. താരത്തിന്റെ പരിക്കിന്റെ ആഴം വ്യക്തമല്ലെങ്കിലും അഡക്റ്റർ ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയൊള്ളൂ. താരത്തിന്റെ പരിക്ക് ഏറ്റവും കൂടുതൽ ആശങ്ക പരത്തിയിരിക്കുന്നത് ബ്രസീൽ ആരാധകർക്കാണ്.നവംബറിൽ നടക്കുന്ന ബ്രസീലിന്റെ മത്സരങ്ങൾ നെയ്മർക്ക് നഷ്ടമാവുമോ എന്നാണ് ആരാധകരെ അലട്ടുന്നത്. വെനിസ്വേല, ഉറുഗ്വ എന്നിവർക്കെതിരെയാണ് ബ്രസീലിന്റെ മത്സരങ്ങൾ. നിലവിൽ കൂട്ടീഞ്ഞോ പരിക്ക് മൂലം പുറത്താണ്.

” അദ്ദേഹത്തിന് പരിക്കിൽ നിന്നും പുറത്ത് വരേണ്ടതുണ്ട്. അത് അത്യാവശ്യമാണ്. പക്ഷെ നമ്മൾ കാത്തിരിക്കേണ്ടതുണ്ട്. നെയ്മറിന് കടുത്ത വേദനയൊന്നും അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് അസ്വസ്ഥതകളുണ്ട്. തുടർച്ചയായ മത്സരങ്ങൾ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ പരിക്കിനെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഗുരുതരമാവില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് സ്കാൻ റിസൾട്ടിനായി നാം കാത്തിരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് അഡക്റ്റർ ഇഞ്ചുറി ആണ് രേഖപ്പെടുത്തിയിരിക്കുന്നത് ” മത്സരശേഷം ടുഷേൽ പറഞ്ഞു. നെയ്മർ കളിച്ച അവസാന അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗോൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം ഇന്നലത്തെ മോയ്സെ കീനിന്റെ ഇരട്ടഗോളിൽ പിഎസ്ജി ജയം നേടി. എംബാപ്പെ ഇരട്ടഅസിസ്റ്റുകളും സ്വന്തമാക്കി. ഏതായാലും അടുത്ത ആഴ്ച്ച നാന്റെസിനെതിരെ നടക്കുന്ന മത്സരം താരത്തിന് നഷ്ടമായേക്കും. ബ്രസീലിന് വേണ്ടി കളിക്കുമോ എന്നുള്ളത് പരിശോധനക്ക് ശേഷം വ്യക്തമാവും.

Leave a Reply

Your email address will not be published. Required fields are marked *