എംബാപ്പെയുടെ കാര്യത്തിൽ ദുഃഖമുണ്ട്, പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് അറ്റലാന്റ പരിശീലകൻ !

ഇന്നലെ നടന്ന കോപെ ഡി ഫ്രാൻസിന്റെ ഫൈനലിൽ സെന്റ് എറ്റിനിയെ കീഴടക്കി കൊണ്ട് കിരീടം ചൂടാൻ പിഎസ്ജിക്ക് ആയെങ്കിലും മത്സരത്തിൽ ക്ലബിന് ഒരു തിരിച്ചടിയേറ്റിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ് സൂപ്പർ താരം കിലിയൻ എംബാപ്പെ പുറത്തു പോയതാണ് പിഎസ്ജിക്ക് ആശങ്കയുയർത്തിയത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരം കളിക്കാനാവുമോ എന്നും വ്യക്തമായിട്ടില്ല. ചാമ്പ്യൻസ് ലീഗ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചില പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ക്വാർട്ടറിൽ അറ്റലാന്റയെ നേരിടാനൊരുങ്ങുന്ന പിഎസ്ജിക്ക് താരത്തിന്റെ അഭാവത്തിൽ കളത്തിലിറങ്ങേണ്ടി വന്നാൽ അതൊരു വമ്പൻ തിരിച്ചടിയാവുമെന്ന കാര്യത്തിൽ സംശയമില്ല.

ഇപ്പോഴിതാ താരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അറ്റലാന്റ പരിശീലകൻ ജിയാൻ പിയറോ ഗാസ്‌പിറിനി. എംബാപ്പെയുടെ കാര്യത്തിൽ ദുഃഖമുണ്ടെന്നും എത്രയും പെട്ടന്ന് തന്നെ കളിക്കളത്തിൽ തിരിച്ചെത്താനാവട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ” എനിക്ക് ദുഃഖമുണ്ട്. എംബാപ്പെ മികച്ച ഒരു വ്യക്തിയാണ്. പരിക്ക് ഗുരുതരമാവില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മറ്റുള്ള ടീമുകളുടെ നിർഭാഗ്യം മൂലം വിജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എംബാപ്പെയെ പോലുള്ള മികച്ച താരങ്ങൾ ഉണ്ടാവുമ്പോഴാണ് വിജയത്തിന് അർത്ഥമുണ്ടാവുന്നത്” ഗാസ്പ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *