ട്രാൻസ്ഫർ ഫീ ലഭിക്കില്ല, സുവാരസിന്റെ കാര്യത്തിൽ ബാഴ്‌സയും അത്‌ലെറ്റിക്കോയും കരാറിലെത്തി?

കഴിഞ്ഞ ഒരാഴ്ച്ചയായി ട്രാൻസ്ഫർ ലോകത്തെ പ്രധാന ചർച്ചാവിഷയം ബാഴ്സയുടെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസാണ്. യുവന്റസുമായി കരാറിൽ എത്തുന്നതിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും പാസ്പോർട്ടുമായി സംബന്ധിച്ച പ്രശ്നങ്ങൾ താരത്തിന് വിനയാവുകയായിരുന്നു. തുടർന്ന് അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് താരം ചേക്കേറാൻ ശ്രമിച്ചുവെങ്കിലും ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യു തടഞ്ഞു വെച്ചതായി റിപ്പോർട്ടുകൾ വന്നത് ഇന്നലെയാണ്. തുടർന്ന് ക്ലബിനോടുള്ള തന്റെ രോഷം ലൂയിസ് സുവാരസ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സുവാരസിന്റെ കാര്യത്തിൽ ബാഴ്‌സയും അത്‌ലെറ്റിക്കോ മാഡ്രിഡും തമ്മിൽ കരാറിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.

പ്രമുഖ മാധ്യമമായ കഡെന സെർ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സുവാരസിനെ അത്‌ലെറ്റിക്കോ മാഡ്രിഡിന് ഫ്രീ ട്രാൻസ്ഫറിൽ കൈമാറാനാണ് ബാഴ്സ തീരുമാനിച്ചിരിക്കുന്നത്. അതായത് ബാഴ്‌സക്ക് ട്രാൻസ്ഫർ ഫ്രീ ഒന്നും ലഭിക്കില്ല. എന്നാൽ താരത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി തുക നൽകാൻ ഇരു ക്ലബുകളും ധാരണയിൽ എത്തിയിട്ടുണ്ട്. അതായത് സുവാരസ് സ്‌ക്വാഡിൽ ഉണ്ടായിരിക്കെ അത്‌ലെറ്റിക്കോ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചാൽ ബാഴ്‌സക്ക് അത്‌ലെറ്റിക്കോ രണ്ട് മില്യൺ യുറോ നൽകണം. ഓരോ തവണയും ക്വാർട്ടറിൽ എത്തുമ്പോഴും ഈ തുക നൽകണം. ഇതാണ് കരാർ. രണ്ട് വർഷത്തെ കരാറിലാണ് സുവാരസ് ഒപ്പുവെക്കുക എന്നാണ് കഡെന സെർ പറയുന്നത്. ഒരു സീസണിന് 7.5 മില്യൺ യുറോയാണ് താരത്തിന് വേതനമായി ലഭിക്കുക. ഇക്കാര്യം ഔദ്യോഗികമായി ഉടനെ സ്ഥിരീകരിക്കുമെന്നും ഇവർ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!