റോഡിൽ ചെറിയൊരു തടസ്സം: ബെല്ലിങ്ങ്ഹാം

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. റയൽ ബെറ്റിസായിരുന്നു മാഡ്രിഡിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ 53ആം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങ്ഹാം റയൽ മാഡ്രിഡിന് വേണ്ടി ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ റയൽ ബെറ്റിസ് സമനില പിടിച്ചു.

സമനില വഴങ്ങിയെങ്കിലും ഒന്നാം സ്ഥാനത്ത് റയൽ മാഡ്രിഡ് തന്നെയാണുള്ളത്. 16 മത്സരങ്ങളിൽ നിന്ന് 39 പോയിന്റാണ് റയൽ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ജിറോണയും മൂന്നാം സ്ഥാനക്കാരായ ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരഫലം വലിയ രൂപത്തിൽ പോയിന്റ് പട്ടികയെ സ്വാധീനിച്ചേക്കും. ഏതായാലും മത്സരത്തിൽ സമനില വഴങ്ങിയതിൽ ബെല്ലിങ്ങ്ഹാം ഇപ്പോൾ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. റോഡിൽ ചെറിയൊരു തടസ്സം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഇൻസ്റ്റഗ്രാമിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. റോഡിൽ ചെറിയൊരു തടസ്സം നേരിട്ടു, പക്ഷേ ഞങ്ങൾ ഒരു പോയിന്റ് നേടിയിട്ടുണ്ട്, മുന്നോട്ടു തന്നെയാണ് ഞങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്,ഇതാണ് ബെല്ലിങ്ങ്ഹാം പറഞ്ഞിട്ടുള്ളത്. തകർപ്പൻ ഫോമിലുള്ള താരം ഇന്നലെയും റയൽ മാഡ്രിഡിന് വേണ്ടി ഗോൾ നേടുകയായിരുന്നു.

ഇതുവരെ ആകെ 18 മത്സരങ്ങളാണ് ഈ സ്പാനിഷ് ക്ലബ്ബിന് വേണ്ടി ബെല്ലിങ്ങ്ഹാം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 20 ഗോൾ പങ്കാളിത്തങ്ങൾ താരം വഹിച്ചു കഴിഞ്ഞു. 16 ഗോളുകളും 4 അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 10 മത്സരങ്ങളിൽ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹം നേടി. റയൽ മാഡ്രിഡ് എത്രത്തോളം ബെല്ലിങ്ങ്ഹാമിനെ ആശ്രയിക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഇത്. ഇനി അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യൂണിയൻ ബെർലിനാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!