നാണക്കേടിന്റെ അങ്ങേയറ്റം കണ്ട് ബയേൺ, അർഹിച്ച തോൽവിയെന്ന് ടുഷെൽ!

ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന ഒരു തോൽവി വഴങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഫ്രാങ്ക്ഫർട്ട് ബയേണിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും തിരിച്ചുവരാനുള്ള അവസരം ബയേണിന് ഫ്രാങ്ക്ഫർട്ട് നൽകിയിരുന്നില്ല. എല്ലാ അർത്ഥത്തിലും ബയേൺ നാണക്കേട് ഏറ്റുവാങ്ങുകയായിരുന്നു.

ഗോൾകീപ്പർ ന്യൂയറും ബയേണിന്റെ പ്രതിരോധനിരയും സമ്പൂർണ്ണ ദുരന്തമായി മാറുകയായിരുന്നു. 36 മിനിറ്റുകൾ പിന്നിട്ടപ്പോൾ തന്നെ ബയേണിന് മൂന്ന് ഗോളുകൾ വഴങ്ങേണ്ടി വന്നിരുന്നു.ബയേണിന്റെ ആശ്വാസ ഗോൾ ജോഷുവാ കിമ്മിച്ചായിരുന്നു നേടിയിരുന്നത്. ഏതായാലും ഈ തോൽവിയിൽ അവരുടെ പരിശീലകനായ തോമസ് ടുഷേൽ പ്രതികരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ അർഹിച്ച ഒരു തോൽവിയാണ് ഏറ്റുവാങ്ങിയത്. സ്വയം കുറ്റപ്പെടുത്തുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. ഒരു ആഴ്ച മുഴുവനും ട്രെയിനിങ് ചെയ്തിട്ട് ഞങ്ങൾ പുറത്തെടുത്ത ഈ പ്രകടനം വളരെ പരിതാപകരമായിരുന്നു. വിജയം നേടാനുള്ള ഒരു തൃഷ്ണത ഈ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും കാണാൻ കഴിഞ്ഞിരുന്നില്ല ” ഇതാണ് തോമസ് ടുഷേൽ പറഞ്ഞിരുന്നത്.

നാലു വർഷങ്ങൾക്കു മുന്നേ, 2019ൽ ബയേൺ ഇതേ സ്കോറിന് ഫ്രാങ്ക്ഫർട്ടിനോട് പരാജയപ്പെട്ടിരുന്നു. അന്ന് ക്ലബ്ബ് അവരുടെ പരിശീലകനായ കൊവാച്ചിനെ പുറത്താക്കുകയായിരുന്നു ചെയ്തിരുന്നത്. ഏതായാലും ഈ തോൽവി ടുഷെലിന് വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബയേൺ ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള ലെവർകൂസൻ നിലവിൽ മൂന്ന് പോയിന്റിന്റെ ലീഡ് കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!