മെസ്സി പോയാൽ ഗുണം കൂമാനെന്ന് മുൻ അയാക്സ് താരം !

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്‌ വിടുകയാണെങ്കിൽ അതിന്റെ ഗുണം പരിശീലകൻ റൊണാൾഡ് കൂമാനെന്ന് മുൻ അയാക്സ്-ഈജിപ്ഷ്യൻ താരം മിഡോ. കഴിഞ്ഞ ദിവസം ഒരു ടിവി ഷോക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. താൻ കൂമാന്റെ കീഴിൽ കളിച്ചിരുന്നുവെന്നും അതിന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത് എന്നുമാണ് ഇദ്ദേഹം അറിയിച്ചത്. മെസ്സി നിൽക്കുകയാണെങ്കിൽ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക കൂമാൻ ആണെന്നും ഇദ്ദേഹം ഓർമ്മിപ്പിച്ചു. മെസ്സി ഡ്രസിങ് റൂമിൽ ഉണ്ടായാൽ കൂമാന് സ്വതന്ത്ര്യമായി തീരുമാനങ്ങൾ എടുക്കാനും തന്റെതായ രീതിയിൽ ടീമിനെ വളർത്തിയെടുക്കാനും സാധിക്കില്ലെന്ന് ഇദ്ദേഹം ആരോപിച്ചു. 2001 മുതൽ 2003 വരെ അയാക്സിൽ കളിച്ച താരമാണ് മിഡോ.

” എന്നെ പരിശീലിപ്പിച്ച കോച്ചുമാരിൽ ഏറ്റവും മികച്ച ആളുകളിലൊരാളാണ് കൂമാൻ. വളരെയധികം സ്ട്രോങ്ങ്‌ ആയിട്ടുള്ള ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. പക്ഷെ മെസ്സി ബാഴ്സയിൽ തുടരുകയാണെങ്കിൽ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. കൂമാന് സംഭവിക്കാവുന്ന ഏറ്റവും ഗുണകരമായ കാര്യം മെസ്സി ക്ലബ് വിടുക എന്നതാണ്. മെസ്സി ഡ്രസിങ് റൂമിൽ തുടരുകയാണെങ്കിൽ കൂമാന് തന്റേതായ രീതിയിൽ ടീം നിർമിച്ചെടുക്കാൻ സാധിക്കില്ല. രണ്ടര വർഷത്തോളം ഞാൻ കൂമാന് കീഴിൽ താരമായി തുടർന്നിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തിന് ചില താരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല. അത്കൊണ്ട് തന്നെ അത്തരം താരങ്ങൾ ടീമിൽ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത് ” മിഡോ പറഞ്ഞു. മുമ്പ് കൂമാൻ മെസ്സിയോട് താരത്തിന്റെ ബാഴ്സലോണയിൽ ഉള്ള പരിഗണനക്ക് അന്ത്യമായി എന്നറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!