മെസ്സിയുടെ വഴിയേ പെഡ്രിയും, ബാഴ്‌സ ആരാധകർക്ക്‌ പ്രതീക്ഷ!

ചെറിയ പ്രായത്തിൽ ഒരുപാട് തവണ അമ്പരിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച്ചവെക്കുകയും നിരവധി നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്ത താരമായിരുന്നു ലയണൽ മെസ്സി.എഫ്സി ബാഴ്സലോണ പലപ്പോഴും മെസ്സി ഒറ്റക്ക് ചുമലിലേറ്റുന്ന കാഴ്ച്ച നാം കണ്ടിരുന്നു. എന്നാൽ ആ മെസ്സി ഇന്നിപ്പോൾ പിഎസ്ജിയുടെ താരമാണ്.

എന്നാൽ ബാഴ്‌സ ആരാധകർക്ക്‌ പ്രതീക്ഷ വെക്കാവുന്ന ഒരു താരം നിലവിൽ ടീമിലുണ്ട്.18-കാരനായ പെഡ്രി ഇന്നിപ്പോൾ മെസ്സിയുടെ വഴിയേയാണ് സഞ്ചരിക്കുന്നത്. ഈ ചെറിയ പ്രായത്തിൽ തന്നെ ബാഴ്‌സയുടെയും സ്പെയിനിന്റെയും അവിഭാജ്യഘടകമായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്.2020-ൽ ലാസ് പാൽമസിൽ നിന്നായിരുന്നു പെഡ്രി ബാഴ്‌സയിൽ എത്തിയത്.2020 സെപ്റ്റംബർ 27-നാണ് താരം ബാഴ്‌സക്ക്‌ വേണ്ടി അരങ്ങേറ്റം കുറിച്ചത്.2021-ൽ 31 മത്സരങ്ങളിലാണ് അദ്ദേഹം ബാഴ്‌സക്ക്‌ വേണ്ടി സ്റ്റാർട്ട്‌ ചെയ്തത്. കൂടാതെ യൂറോ കപ്പിൽ സ്പെയിനിന് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ചു. അത് കൊണ്ടും അവസാനിച്ചില്ല.ഒളിമ്പിക്സിലും അദ്ദേഹം സ്പെയിനിനായി ബൂട്ടണിഞ്ഞു. ഇങ്ങനെ ചുരുങ്ങിയ കാലയളവിൽ തന്നെ ഫുട്ബോൾ ലോകത്തെ ഒരു പ്രധാനപ്പെട്ട താരമായി വളരാൻ പെഡ്രിക്ക്‌ സാധിച്ചു.

ഇതിനുള്ള അർഹിച്ച അംഗീകാരമെന്നോണമാണ് പെഡ്രി ഇപ്പോൾ ബാലൺ ഡി’ഓറിന്റെ നോമിനികളിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോൾ പുറത്ത് വിട്ട 30 അംഗ പട്ടികയിലാണ് പെഡ്രി സ്ഥാനം നേടിയിരിക്കുന്നത്. അത് മാത്രമല്ല ഏറ്റവും മികച്ച അണ്ടർ 21 താരത്തിന് നൽകുന്ന കോപ്പ ട്രോഫിയുടെ 10 അംഗ ലിസ്റ്റിലും പെഡ്രി ഇടം നേടിയിട്ടുണ്ട്. ഈ പുരസ്കാരത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നാണ് പെഡ്രിയുടേത്.

ഏതായാലും ബാഴ്‌സ ആരാധകർ പെഡ്രി, ഫാറ്റി, ഗാവി തുടങ്ങിയ യുവതാരങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ചു പുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *