മെസ്സിയുടെ ആ ക്വാളിറ്റി യമാലിനില്ല,അത് നേടിയെടുക്കണം: ബാഴ്സ പരിശീലകൻ
കേവലം 17 വയസ്സ് മാത്രമുള്ള ലാമിൻ യമാൽ ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് മാറിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം താരം നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ യൂറോ കപ്പിലെ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.ഒരു ഗോളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കുകയായിരുന്നു. ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടാൻ യമാലിന് കഴിഞ്ഞു.കൂടാതെ നിരവധി റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഈ ചെറിയ പ്രായത്തിൽ തന്നെ അസാധാരണമായ പ്രകടനം നടത്തുന്നതുകൊണ്ട് പലരും മെസ്സിയുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുന്നുണ്ട്. മെസ്സിയുടെ പിൻഗാമിയായി കൊണ്ട് ബാഴ്സയിൽ പലരും പരിഗണിക്കുന്നത് യമാലിനെ തന്നെയാണ്. എന്നാൽ ബാഴ്സയുടെ അക്കാദമി പരിശീലകനായ ഓസ്കാർ ലോപസ് ഇക്കാര്യത്തിലുള്ള തന്റെ ഒരു അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.ലയണൽ മെസ്സിയുടെ മുന്നിൽ നിന്ന് നയിക്കാനുള്ള ആ ക്വാളിറ്റി യമാലിന് കുറവാണെന്നും അത് നേടിയെടുക്കേണ്ടതുണ്ട് എന്നുമാണ് ലോപസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സിയുടെ ഏറ്റവും വലിയ ക്വാളിറ്റികളിൽ ഒന്ന് ടീമിനെ മുന്നിൽ നിന്ന് നയിക്കാനുള്ള കഴിവാണ്.ടീമിനെ എങ്ങനെ കളിപ്പിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ എത്തി ഉണ്ടായിരിക്കും. താൻ മധ്യനിരയിലേക്ക് ഇറങ്ങി കളിക്കണോ വിങ്ങുകളിലൂടെ കളിക്കണോ എന്നുള്ളത് മെസ്സി മത്സരത്തിനനുസരിച്ച് മനസ്സിലാക്കും. ടീമിനെ എപ്പോൾ മുന്നിൽ നിന്ന് നയിക്കണം? ടീമിന്റെ പ്രകടനത്തിന്റെ വേഗത വർധിപ്പിക്കണോ എന്നീ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ മെസ്സിക്ക് ഉണ്ടായിരിക്കും. ടീം മോശമാകുമ്പോൾ അത് മെസ്സി മനസ്സിലാക്കും. അപ്പോൾ കൂടുതൽ മികവിലേക്ക് ഉയർന്നു വന്നു കൊണ്ട് ആ മത്സരത്തിന്റെ ഗതി മെസ്സി നിർണ്ണയിക്കും. അങ്ങനെ മത്സരം ഒറ്റക്ക് തീരുമാനിക്കാനുള്ള ഒരു ക്വാളിറ്റി മെസ്സിക്കുണ്ട്. അതാണ് യമാൽ കൈവശപ്പെടുത്തേണ്ടത്. ഭാവിയിൽ അദ്ദേഹം അത് നേടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു “ഇതാണ് ഓസ്കാർ ലോപ്പസ് പറഞ്ഞിട്ടുള്ളത്.
ബാഴ്സലോണ ഇന്ന് ആദ്യത്തെ മത്സരത്തിനു വേണ്ടി ഇറങ്ങുകയാണ്. കഴിഞ്ഞ സീസണിൽ യമാലിനെ ഏറെ ഉപയോഗപ്പെടുത്താൻ പരിശീലകനായ ചാവിക്ക് കഴിഞ്ഞിരുന്നു. പുതിയ പരിശീലകനായ ഹാൻസി ഫ്ലിക്കും തരത്തെ കൃത്യമായി വിനിയോഗിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.