മിനി അർജൻ്റീന…!വീണ്ടും ഒരു അർജൻ്റൈൻ സൂപ്പർ താരത്തെക്കൂടി ടീമിലെത്തിക്കാൻ അത്ലറ്റിക്കോ!
സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് തന്നെയാണ്.മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റെക്കോർഡ് തുകക്കാണ് അവർ താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ സോർലോത്ത്,ലെ നോർമാന്റ്,ഗല്ലഗർ തുടങ്ങിയ താരങ്ങളെയും അവർ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ വളരെ ശക്തരായ ഒരു ടീമായി മാറാൻ അത്ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്.
മാത്രമല്ല നിലവിൽ ഒരു മിനി അർജന്റീനയാണ് അത്ലറ്റിക്കോ മാഡ്രിഡ്. പരിശീലകൻ ഡിയഗോ സിമയോണി അടക്കം ആകെ 6 അർജന്റൈൻ സാന്നിധ്യങ്ങളാണ് ക്ലബ്ബിനകത്ത് ഉള്ളത്.ഹൂലിയൻ ആൽവരസ്,റോഡ്രിഗോ ഡി പോൾ,എയ്ഞ്ചൽ കൊറേയ,നഹുവെൽ മൊളീന,ജൂലിയാനോ സിമയോണി എന്നീ അർജന്റൈൻ താരങ്ങൾ ഇപ്പോൾ ഉള്ളത് അത്ലറ്റിക്കോ മാഡ്രിഡിലാണ്. ഇതിനുപുറമേ മറ്റൊരു അർജന്റൈൻ താരത്തെക്കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഈ ക്ലബ്ബ് ഉള്ളത്. ഗോൾകീപ്പർ വാൾട്ടർ ബെനിറ്റസിനെയാണ് അവർ കൊണ്ടുവരാൻ ശ്രമിക്കുന്നത്. പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.
നിലവിൽ ഡച്ച് ക്ലബ്ബായ പിഎസ്‌വിക്ക് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന് വേണ്ടി നൽകിയ ആദ്യത്തെ ഓഫർ നിരസിക്കപ്പെട്ടിരുന്നു. വീണ്ടും അത്ലറ്റിക്കോ മാഡ്രിഡ് ഓഫർ നൽകിയിട്ടുണ്ട്.മാത്രമല്ല ഈ ഗോൾകീപ്പർ ഇപ്പോൾ ക്ലബ്ബിലേക്ക് ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നുമുണ്ട്.ഡിയഗോ സിമയോണിയുമായി ഇതിനോടകം തന്നെ വാൾട്ടർ ബെനിറ്റസ് സംസാരിച്ചു കഴിഞ്ഞിട്ടുണ്ട്.
യാൻ ഒബ്ലക്കിന്റെ ബാക്കപ്പ് ഓപ്ഷനായി കൊണ്ടാണ് ഈ ഗോൾകീപ്പറെ പരിഗണിക്കുന്നത്. 2022 ൽ ആയിരുന്നു ഇദ്ദേഹം ഈ നെതർലാന്റ്സ് ക്ലബ്ബിലേക്ക് എത്തിയത്.അതിന് മുൻപ് ഫ്രഞ്ച് ലീഗിലായിരുന്നു താരം കളിച്ചിരുന്നത്. വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. അതിലേക്കുള്ള സ്‌ക്വാഡിൽ സ്‌കലോണി ഈ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏതായാലും പുതുതായി നൽകിയ ഓഫർ പിഎസ്‌വി സ്വീകരിക്കും എന്ന് തന്നെയാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.