ബാഴ്‌സയിൽ മെസ്സിയുടെ പകരക്കാരാവാൻ സാധ്യതയുള്ളവർ ഇവരാണ് !

സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്സയിലെ ഭാവി ഇപ്പോഴും ത്രിശങ്കുവിലാണ്. ഈ വരുന്ന ജൂണോട് കൂടി താരത്തിന്റെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും. താരം ഇതുവരെ കരാർ പുതുക്കിയിട്ടുമില്ല. ഇനി താരം തുടരണമെങ്കിൽ ആകെയുള്ള ആശ്രയം പുതുതായി വരുന്ന മാനേജ്മെന്റ് ആണ്. ജനുവരിയിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിനും ബോർഡിനും മെസ്സിയെ കൺവിൻസ്‌ ചെയ്യാൻ സാധിക്കുകയാണെങ്കിൽ താരം ക്ലബ്ബിൽ തന്നെ തുടർന്നേക്കും. അതല്ലായെങ്കിൽ താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറിയേക്കും. അങ്ങനെ സംഭവിച്ചാൽ ബാഴ്സക്കൊരു പകരക്കാരനെ ആവിശ്യമായി വരും. മെസ്സിക്കൊത്ത പകരക്കാരൻ എന്നുള്ളത് നിലവിലെ അവസ്ഥയിൽ സാധ്യമാവാത്ത ഒന്നാണ്. എന്നാലും ഒരല്പമെങ്കിലും ആ വിടവ് നികത്താൻ കെൽപ്പുള്ള താരങ്ങളെയായിരിക്കും ബാഴ്സ സ്വന്തം തട്ടകത്തിൽ എത്തിക്കുക. അങ്ങനെ മെസ്സിയുടെ പകരക്കാരാവാൻ സാധ്യതയുള്ള ചില താരങ്ങളെ താഴെ നൽകുന്നു.

ലൗറ്ററോ മാർട്ടിനെസ് : മെസ്സിയുടെ അർജന്റൈൻ സഹതാരം. ഇന്റർമിലാനിന്റെ നിർണായകതാരം. ലൂയിസ് സുവാരസിന്റെ സ്ഥാനത്തേക്ക് ലൗറ്ററോയെയെത്തിക്കാൻ ബാഴ്സ കിണഞ്ഞു പരിശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. നിലവിൽ 2023 വരെ താരത്തിന് ഇന്ററുമായി കരാറുണ്ട്. മെസ്സി ബാഴ്സ വിട്ടാൽ താരം എത്തിച്ചേരുമോ എന്നുള്ളതും ചോദ്യമാണ്.

നെയ്മർ : മുൻ ബാഴ്‌സ താരം. മെസ്സിയുടെ സുഹൃത്ത്. മെസ്സിയുടെ പകരക്കാരൻ എന്ന സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ താരം നെയ്മർ ആയിരിക്കും. മെസ്സിക്ക് ശേഷം നെയ്മർ ബാഴ്‌സയെ നയിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും താരം 2017-ൽ പിഎസ്ജിയിലേക്ക് ചേക്കേറി. താരത്തെ തിരികെ കൊണ്ടുവരാനുള്ള ബാഴ്‌സയുടെ ശ്രമങ്ങൾ വിഫലമായിരുന്നു. പിഎസ്ജിയുമായി പതിനെട്ടു മാസം കൂടി താരത്തിന് കരാർ അവശേഷിക്കുന്നുണ്ട്. താരം പിഎസ്ജിയുമായി കരാർ പുതുക്കിയേക്കുമെന്നും വാർത്തകളുണ്ട്.

മുഹമ്മദ് സലാ : ലിവർപൂളിന്റെ കുന്തമുന. എന്നാൽ നിലവിൽ ക്ലബുമായി ചെറിയ പ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. റയലിലേക്കോ ബാഴ്സയിലേക്കോ ചേക്കേറാൻ ആഗ്രഹമുണ്ടെന്ന് താരം ഈയിടെ വെളിപ്പെടുത്തിയിരുന്നു. ലിവർപൂളുമായി ഇനിയും രണ്ടര വർഷം കരാർ അവശേഷിക്കുന്നുണ്ട്. ടീമിൽ എത്തിച്ചാൽ ബാഴ്സക്ക്‌ നല്ലൊരു മുതൽകൂട്ടായിരിക്കും.

അൻസു ഫാറ്റി : നിലവിൽ ബാഴ്സയിലെ തന്നെ താരം. മെസ്സിയുടെ പിൻഗാമിയാവാൻ ഫാറ്റിക്ക്‌ കഴിയുമെന്ന് പലരും പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ പരിക്കേറ്റ് പുറത്താണ് താരം. ലീഗിലും ചാമ്പ്യൻസ് ലീഗിലും റെക്കോർഡ് കരസ്ഥമാക്കിയ താരം. ഫോം തുടരാൻ സാധിച്ചാൽ ബാഴ്സക്ക്‌ മെസ്സിയുടെ പകരക്കാരനെ അന്വേഷിക്കേണ്ടി വരില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!