നെയ്മർക്ക് പകരക്കാരനായി ബാഴ്സ പരിഗണിക്കുന്നത് ഈ താരങ്ങളെ!
2017-ലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണ വിട്ടത്. അതിന് ശേഷം ആ വിടവ് പൂർണ്ണമായും നികത്താൻ മറ്റൊരു താരത്തിനും കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ ഇത്തവണയും നെയ്മറെ തിരികെ കൊണ്ടുവരാൻ ബാഴ്സ ശ്രമിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങളായ സ്പോർട്ടും മാർക്കയും റിപ്പോർട്ട് ചെയ്യുന്നത്. അതിന് സാധിച്ചിട്ടില്ലെങ്കിൽ മുന്നേറ്റനിരയിലേക്ക് മറ്റു മൂന്ന് പേരിൽ ഒരാളെയാണ് ബാഴ്‌സയും പ്രസിഡന്റ് ലാപോർട്ടയും പരിഗണിക്കുന്നത്.
1- ബൊറൂസിയയുടെ ഗോളടിയന്ത്രം എർലിങ് ഹാലണ്ടാണ് ഒന്നാമത്തെ താരം. ബാഴ്‌സ അധികൃതരുമായി ഹാലണ്ടിന്റെ പിതാവും ഏജന്റും ചർച്ച നടത്തിയിരുന്നു. എന്നാൽ 180 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ബൊറൂസിയ ആവിശ്യപ്പെടുന്നത്. ഇതാണ് ബാഴ്‌സക്ക് മുന്നിലുള്ള ആദ്യത്തെ തടസ്സം. കൂടാതെ പ്രമുഖ ക്ലബുകൾ എല്ലാം തന്നെ താരത്തിന് വേണ്ടി രംഗത്തുണ്ട് എന്നുള്ളത് മറ്റൊരു തടസ്സമാണ്.റയൽ, ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി എന്നിവർ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ താരത്തെ സ്വന്തമാക്കണമെങ്കിൽ ബാഴ്‌സ ഒരല്പം ബുദ്ധിമുട്ട് തരണം ചെയ്യേണ്ടി വരും.
Barcelona are considering alternatives to Neymar 🤔https://t.co/aceCYQSRjQ pic.twitter.com/hgpWNXKjlA
— MARCA in English (@MARCAinENGLISH) April 21, 2021
2- ഇന്റർമിലാന്റെ അർജന്റൈൻ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസാണ് മറ്റൊരു താരം.കഴിഞ്ഞ സമ്മറിൽ തന്നെ ബാഴ്സ താരത്തിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചതാണ്.പക്ഷെ ഇന്റർ വിട്ടു നൽകാൻ തയ്യാറല്ലായിരുന്നു.മെസ്സിക്കൊപ്പം കളിക്കണം എന്നുള്ളത് ലൗറ്ററോയുടെ ആഗ്രഹമാണ്. പക്ഷെ സാമ്പത്തികം തന്നെയാണ് ഇവിടുത്തെ പ്രധാനതടസ്സവും.
3- മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സ്‌ട്രൈക്കർ സെർജിയോ അഗ്വേറൊയാണ് മറ്റൊരു താരം. ഈ സീസണിൽ താരം ഫ്രീ ഏജന്റ് ആവും. സിറ്റി വിടുകയാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.താരത്തെ ടീമിൽ എത്തിക്കാൻ സാധ്യത കൂടുതലുള്ള ടീം ബാഴ്സ തന്നെയാണ്.മെസ്സിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് അഗ്വേറൊ. എന്നാൽ ബാഴ്സയെ കൂടാതെ യുവന്റസും താരത്തിന് വേണ്ടി രംഗത്തുണ്ട്. ഏതായാലും ടീമിൽ എത്തിക്കാൻ എളുപ്പമുള്ള താരമാണ് അഗ്വേറൊ.