ക്രിസ്റ്റ്യാനോയെ വാളിൽ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കാൻ പിർലോ!

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് പാർമയെ തകർത്തു വിട്ടത്.ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് യുവന്റസ് മത്സരത്തിലേക്ക് തിരിച്ചു വന്നത്. യുവന്റസിന് വേണ്ടി അലക്സ് സാൻഡ്രോ ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ഡി ലൈറ്റിന്റെ വകയായിരുന്നു. എന്നാൽ മത്സരത്തിന്റെ 25-ആം മിനിറ്റിൽ പാർമ നേടിയ ഗോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിഴവിലായിരുന്നു.അതായത് ബ്രഗ്മാൻ എടുത്ത ഫ്രീകിക്കാണ് യുവന്റസ് വലയിൽ പതിച്ചത്. അത്‌ തടയാൻ വേണ്ടി വാളിൽ നിർത്തിയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തലക്ക് മുകളിലൂടെ പോയാണ് പന്ത് വലയിൽ പതിച്ചത്. ഒരുപക്ഷെ ക്രിസ്റ്റ്യാനോ ചാടിയിരുന്നുവെങ്കിൽ ആ ഗോൾ പിറക്കുമായിരുന്നില്ല എന്നാണ് കണക്കുകൂട്ടലുകൾ. വാളിൽ നിന്നിരുന്ന ക്രിസ്റ്റ്യാനോ ഒഴികെയുള്ള മൂന്ന് പേരും ചാടിയിരുന്നു. ക്രിസ്റ്റ്യാനോയുടെ ഈയൊരു പ്രവർത്തി ചെറിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിന് മുമ്പും സമാനഅനുഭവം അരങ്ങേറിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ പോർട്ടോക്കെതിരെയുള്ള മത്സരത്തിൽ വാളിൽ നിന്ന ക്രിസ്റ്റ്യാനോയുടെ പിഴവിൽ നിന്ന് പോർട്ടോ ഗോൾ കണ്ടെത്തിയിരുന്നു. ഏതായാലും റൊണാൾഡോ ആവർത്തിച്ച ഈ രണ്ട് പിഴവുകളെ കുറിച്ചുള്ള ചോദ്യം പരിശീലകൻ പിർലോക്ക് നേരിടേണ്ടി വന്നിരുന്നു. ക്രിസ്റ്റ്യാനോയെ വാളിൽ നിന്ന് ഒഴിവാക്കുമോ എന്നുള്ള ചോദ്യത്തിന് പിർലോ പറഞ്ഞത് ഇങ്ങനെയാണ് ” നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങൾ ചില സന്ദർഭങ്ങളിൽ സംഭവിക്കും. ഏതായാലും ഈ കാര്യത്തിൽ ഉള്ള ഒരു തീരുമാനം അടുത്ത കുറച്ചു ദിവസത്തിനുള്ളിൽ കൈക്കൊള്ളും ” ഇതാണ് പിർലോ സ്കൈ സ്പോർട്സ് ഇറ്റാലിയയോട് പറഞ്ഞത്. ഏതായാലും റൊണാൾഡോയെ വാളിൽ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്നാണ് പിർലോയുടെ ഈ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!