എനിക്ക് ഒരുപാട് കിരീടങ്ങൾ നൽകിയ വ്യക്തി, ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാൾ: ക്രിസ്റ്റ്യാനോയെ കുറിച്ച് കാസമിറോ

2013ലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ എത്തിയത്.പിന്നീട് റയലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറി. ക്ലബ്ബിനൊപ്പം നിരവധി നേട്ടങ്ങൾ കാസമിറോ സ്വന്തമാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമാണ് കാസമിറോ കളിച്ചിരുന്നത്.പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇരുവരും കുറച്ചുകാലം ഒരുമിക്കുകയും ചെയ്തു.

ഏതായാലും തന്റെ മുൻ സഹതാരത്തെ പ്രശംസിച്ചുകൊണ്ട് കാസമിറോ രംഗത്ത് വന്നിട്ടുണ്ട്.തനിക്ക് ഒരുപാട് ഗോളുകളും കിരീടങ്ങളും നൽകിയ വ്യക്തിയാണ് റൊണാൾഡോ എന്നാണ് കാസമിറോ പറഞ്ഞിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോയെന്നും കാസമിറോ പറഞ്ഞിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് ഒരുപാട് കിരീടങ്ങളും ഗോളുകളും നേടിത്തന്ന വ്യക്തിയാണ് റൊണാൾഡോ. അതുകൊണ്ടുതന്നെ റൊണാൾഡോയെ കുറിച്ച് സംസാരിക്കുക എന്നത് എപ്പോഴും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. എന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മൂന്നു താരങ്ങളിൽ ഒരാൾ റൊണാൾഡോയാണ്.തീർച്ചയായും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ഇപ്പോൾ കാസമിറോ പറഞ്ഞിട്ടുള്ളത്.

നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്.കാസമിറോയെ സ്വന്തമാക്കാൻ ഇപ്പോൾ അൽ നസ്റിന് താല്പര്യമുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന് വേണ്ടി ഈ സൗദി ക്ലബ്ബ് ശ്രമിച്ചേക്കും എന്നുള്ള റൂമറുകൾ സജീവമാണ്.കാസമിറോ സമ്മതം മൂളിയാൽ അദ്ദേഹം അൽ നസ്റിൽ എത്താനുള്ള സാധ്യതകൾ ഏറെയാണ്. അങ്ങനെയാണെങ്കിൽ ഒരിക്കൽ കൂടി റൊണാൾഡോയെയും കാസമിറോയേയും ഒരുമിച്ച് കളിക്കളത്തിൽ കാണാൻ ഫുട്ബോൾ ആരാധകർക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!