ആഞ്ചലോട്ടിക്ക് തലവേദനയായി റയലിന്റെ മധ്യനിര!
കഴിഞ്ഞ കുറച്ചു വർഷങ്ങളായി റയലിനെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ അവരുടെ മധ്യനിരത്രയത്തിന് വലിയ പങ്കുണ്ട്.കാസമിറോ-മോഡ്രിച്ച്-ക്രൂസ് സഖ്യം പല മത്സരങ്ങളിലും റയലിനെ രക്ഷിച്ചെടുത്തിട്ടുണ്ട്.ഈ സീസണിൽ പരിശീലകനായി എത്തിയ ആഞ്ചലോട്ടിയും ഈ ത്രയത്തെ തന്നെയാണ് ആശ്രയിച്ചത്. ഒക്ടോബർ 19ന് ഷാക്തർ ഡോണസ്ക്കിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിലായിരുന്നു ഈ കൂട്ടുകെട്ടിനെ ആഞ്ചലോട്ടി ഈ സീസണിൽ ആദ്യമായി ഉപയോഗിച്ചത്.
ഈ മത്സരത്തിനുശേഷം കളിച്ച 13 മത്സരങ്ങളിൽ 11 എണ്ണത്തിലും ഈ CMK ത്രയം സ്റ്റാർട്ട് ചെയ്തിരുന്നു. ആ പതിനൊന്നു മത്സരങ്ങളും റയൽ വിജയിക്കുകയും ചെയ്തു. ഒക്ടോബറിന്റെ അവസാനത്തിലും സെപ്റ്റംബറിന്റെ തുടക്കത്തിലും റയൽ നേരിട്ട ചെറിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഈ കൂട്ടുകെട്ടിന് സാധിച്ചിരുന്നു.
— Murshid Ramankulam (@Mohamme71783726) February 22, 2022
എന്നാൽ മാഡ്രിഡ് ഡെർബി വന്നതോടുകൂടി കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. കോവിഡ് കാരണം മോഡ്രിച്ചിന് കുറച്ച് മത്സരങ്ങൾ പുറത്തിരിക്കേണ്ടി വന്നു.കൂടാതെ സസ്പെൻഷൻ മൂലവും സാങ്കേതികപരമായ തീരുമാനങ്ങൾ മൂലവും ഈ CMK ത്രയത്തിന് സ്ഥിരമായി സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ല. അതിനുശേഷം നടന്ന അവസാനത്തെ 14 മത്സരങ്ങളിൽ കേവലം ഏഴ് മത്സരങ്ങളിൽ മാത്രമാണ് ഈ മൂന്നു പേരും സ്റ്റാർട്ട് ചെയ്തത്. ആ ഏഴു മത്സരങ്ങളിൽ കേവലം മൂന്നെണ്ണത്തിൽ മാത്രമാണ് റയലിന് വിജയിക്കാൻ സാധിച്ചിട്ടുള്ളത്.മൂന്ന് തോൽവിയും ഒരു സമനിലയും വഴങ്ങേണ്ടിവന്നു.
പുതുതായി പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ ഈ മധ്യനിര കൂട്ടുകെട്ട് നിഷ്പ്രഭമാവുന്നതാണ് നമുക്ക് കാണാൻ സാധിച്ചത്. അതുകൊണ്ടുതന്നെ മധ്യനിര നിലവിൽ കാർലോ ആഞ്ചലോട്ടിക്ക് തലവേദനയാവുകയാണ്.ഫെഡേ വാൽവെർദെ,കാമവിങ്ക എന്നിവരെ ശരിയായ രൂപത്തിൽ ഉപയോഗിക്കണമെന്നുള്ള ആവശ്യം റയൽ ആരാധകർക്കിടയിൽ വളരെ ശക്തവുമാണ്.ഇനി പിഎസ്ജിക്കെതിരെയുള്ള രണ്ടാം പാദ മത്സരത്തിൽ ആഞ്ചലോട്ടി എന്ത് തീരുമാനമെടുക്കുമെന്നുള്ളതാണ് കണ്ടറിയേണ്ട കാര്യം.