അന്ന് മെസ്സി,ക്രിസ്റ്റ്യാനോ..ഇന്ന് വിനീഷ്യസ് : അധിക്ഷേപങ്ങളുടെ കാരണം വ്യക്തമാക്കി ടെബാസ്
കഴിഞ്ഞ വലൻസിയക്കെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് ക്രൂരമായ രൂപത്തിലുള്ള വംശയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നത്.ഈ വിഷയത്തിൽ താരം ലാലിഗക്കെതിരെയും പ്രസിഡണ്ടായ ഹവിയർ ടെബാസിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.എന്നാൽ ടെബാസ് വിനീഷ്യസിനെ കുറ്റപ്പെടുത്താനാണ് ആ സമയത്ത് ശ്രമിച്ചത്. ഇതോടുകൂടി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ടെബാസിനെതിരെ വിമർശനം ഉയർന്നു. ഇതോടെ അദ്ദേഹം വിനീഷ്യസിനോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
ഏതായാലും എന്തുകൊണ്ടാണ് വിനീഷ്യസിന് കൂടുതൽ അധിക്ഷേപങ്ങൾ നേരിടേണ്ടിവരുന്നത് എന്നതിന്റെ കാരണം ടെബാസ് വ്യക്തമാക്കിയിട്ടുണ്ട്.ഏറ്റവും മികച്ച താരങ്ങൾക്കാണ് ഏറ്റവും കൂടുതൽ അപമാനങ്ങൾ നേരിടേണ്ടി വരിക എന്നാണ് ടെബാസ് പറഞ്ഞിട്ടുള്ളത്. മുമ്പ് ക്രിസ്റ്റ്യാനോയും മെസ്സിയും ആയിരുന്നുവെന്നും ഇന്ന് ആ സ്ഥാനത്ത് വിനീഷ്യസ് ജൂനിയറാണെന്നും ടെബാസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Javier Tebas (La Liga President): "In the past, Leo Messi and Cristiano Ronaldo were the ones who received the most insults… Now it's Vinicius because he's a great player, like Messi and Cristiano were." pic.twitter.com/zENk5h5WiU
— Barça Universal (@BarcaUniversal) May 25, 2023
“മുമ്പ് ഏറ്റവും കൂടുതൽ അധിക്ഷേപങ്ങളും അപമാനങ്ങളും നേരിടേണ്ടി വന്ന താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഇന്ന് അവരുടെ സ്ഥാനത്ത് വിനീഷ്യസ് ജൂനിയറാണ്. അതിന്റെ കാരണം വിനീഷ്യസ് ഒരു മികച്ച താരമാണ് എന്നതാണ്. ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോലെ ഒരു മികച്ച താരമാണ് വിനീഷ്യസ് ജൂനിയർ ” ഇതാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.
പക്ഷേ ഇവിടെ നമ്മൾ ചൂണ്ടിക്കാണിക്കേണ്ട ഒരു വിഷയം വിനീഷ്യസിന് വംശീയമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വരുന്നത് എന്നതാണ്. മുമ്പ് എട്ടോളം തവണ ലാലിഗക്ക് ഈ വിഷയത്തിൽ വിനീഷ്യസ് ജൂനിയർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കാര്യമായ നടപടികൾ എടുത്തിരുന്നില്ല. മാത്രമല്ല ഇത് തടയാൻ വേണ്ടി ഒന്നും ചെയ്തിരുന്നില്ല. ഈ കാരണങ്ങൾ കൊണ്ടൊക്കെയാണ് ടെബാസിന് വൻതോതിൽ വിമർശനങ്ങൾ കേൾക്കേണ്ടിവന്നത്.