ഹസാർഡ് കളിക്കുന്ന കാര്യം സംശയത്തിൽ,രണ്ട് താരങ്ങൾ പുറത്ത്, റയലിന് വെല്ലുവിളിയായി പരിക്ക്

റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഈഡൻ ഹസാർഡ് അടുത്ത മത്സരത്തിലും കളിക്കുന്ന കാര്യം സംശയത്തിൽ. ഇന്ന് നടന്ന ട്രെയിനിങ് സെഷനിൽ താരം ടീമിനോടൊപ്പം പരിശീലനം ചെയ്തിട്ടില്ലെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നു. പകരം താരം ജിമ്മിൽ തനിച്ച് പരിശീലനം നടത്തുകയായിരുന്നു. അത്ലറ്റികോ ബിൽബാവോക്കെതിരായ മത്സരത്തിൽ താരം ഇറങ്ങാനുള്ള സാധ്യതകൾ കുറവാണ് എന്നാണ് മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത്. കഴിഞ്ഞ ഗെറ്റാഫെക്കെതിരായ മത്സരത്തിലും താരത്തിന് സിദാൻ വിശ്രമം അനുവദിച്ചിരുന്നു. താരം നൂറ് ശതമാനം ഫിറ്റ്നസ് വീണ്ടെടുത്തതായി തനിക്ക് തോന്നുന്നില്ലെന്നും പരുക്കൻ കളികളിൽ നിന്ന് താരത്തെ മാറ്റി നിർത്തുകയാണെന്നും താരത്തെ വെച്ച് റിസ്ക് എടുക്കാൻ തയ്യാറല്ല എന്നുമായിരുന്നു വിശ്രമത്തിന് വിശദീകരണമായി അന്ന് സിദാൻ മറുപടി നൽകിയത്. എന്നാൽ ബിൽബാവോക്കെതിരെയുള്ള മത്സരത്തിലും താരത്തിന് സിദാൻ വിശ്രമം അനുവദിച്ചേക്കും.

അതേ സമയം റയൽ മാഡ്രിഡിന്റെ മറ്റു താരങ്ങളായ വരാനെ, നാച്ചോ എന്നിവർക്കും മത്സരം നഷ്ടമായേക്കും. ഇരുവരും പരിശീലനത്തിൽ പങ്കെടുത്തിട്ടില്ല. കഴിഞ്ഞ ഗെറ്റാഫെക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് വരാനെ കളം വിട്ടിരുന്നു. ബിൽബാവോക്കെതിരായ മത്സരം താരത്തിന് നഷ്ടമാവും. ജൂൺ എട്ട് മുതൽ പരിക്ക് മൂലം വലയുന്ന നാച്ചോയും ഇതുവരെ പൂർണ്ണമായും മുക്തി നേടിയിട്ടില്ല. നാളെ ഇന്ത്യൻ സമയം വൈകീട്ട് അഞ്ചര മണിക്കാണ് മത്സരം. നിലവിൽ ബാഴ്സയെക്കാൾ നാല് പോയിന്റിന് ലീഡുള്ള റയലിന് ലീഡ് നിലനിർത്തണമെങ്കിൽ വിജയിച്ചേ മതിയാകൂ.

Leave a Reply

Your email address will not be published. Required fields are marked *