സൗദി ക്ലബ്ബുകൾ ഭാവിയിൽ ചാമ്പ്യൻസ് ലീഗ് കളിക്കും: ടെബാസ്.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞിരുന്നു. പല വമ്പൻ താരങ്ങളും ഇപ്പോൾ യൂറോപ്പിനോട് വിടപറഞ്ഞു കഴിഞ്ഞു.നെയ്മർ ജൂനിയർ,ക്രിസ്റ്റ്യാനോ റൊണാൾഡോ,കരിം ബെൻസിമ എന്നിവരൊക്കെ സൗദി അറേബ്യൻ ലീഗിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് ഒരിക്കൽ കൂടി സൗദി ലീഗിനെ വിമർശിച്ചിട്ടുണ്ട്. സൗദി ക്ലബ്ബുകൾ ഭാവിയിൽ ചാമ്പ്യൻസ് ലീഗ് കളിക്കുമെന്നും അതാണ് ഏറ്റവും വലിയ അപകടം എന്നുമാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
https://x.com/BarcaUniversal/status/1702304586470416793?t=tazJJMqrjnADDjDu6dyWTA&s=08
” സൗദി അറേബ്യ ഞങ്ങളെ ഒട്ടും ഭയപ്പെടുത്തുന്നില്ല. പക്ഷേ ഭാവിയിൽ രണ്ടോ മൂന്നോ സൗദി ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധ്യതയുണ്ട്.അത് വലിയ അപകടമാണ് സൃഷ്ടിക്കുക.പിഎസ്ജി അവരുടെ സൂപ്പർ താരമായ വെറാറ്റിയെ ഖത്തറിന് വിറ്റത് 40 മില്യൺ യൂറോക്കാണ്. അവർ നമ്മെ വിഡ്ഢികളാക്കുകയാണോ? നമ്മൾ ജർമ്മനിയോടാണ് സ്വയം താരതമ്യം ചെയ്യേണ്ടത്.അല്ലാതെ ടാക്സ് ഇല്ലാത്ത ഇത്തരം രാജ്യങ്ങളിലെ ക്ലബ്ബുകളോട് അല്ല ” ടെബാസ് പറഞ്ഞു.
നേരത്തെ സൗദി ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗ് കളിക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ യുവേഫയുടെ പ്രസിഡണ്ടായ സെഫറിൻ അത് തള്ളിക്കളഞ്ഞിരുന്നു. സൗദി ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗ് കളിക്കില്ല എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്.