സ്പാനിഷ് പഠിക്കാനുള്ള പേടി കൊണ്ട് റയലിന്റെ ഓഫർ നിരസിച്ചു, വിചിത്രമായ വെളിപ്പെടുത്തലുമായി മുൻ ഡച്ച് താരം

റയൽ മാഡ്രിഡ്‌ ജേഴ്‌സിയിൽ കളിക്കുക എന്നുള്ളത് ഒട്ടുമിക്ക താരങ്ങളും സ്വപ്നമായി കണ്ടുനടക്കുന്ന കാര്യമാണ്. ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ റയലിൽ ഒരുതവണ പന്തുതട്ടാൻ സാധിക്കുന്നത് തന്നെ മഹാഭാഗ്യമായി കണക്കാക്കിയ ഒട്ടേറെ താരങ്ങളുണ്ട്. എന്നാൽ സ്പാനിഷ് ഭാഷ പഠിക്കാനുള്ള പേടി കൊണ്ട് റയൽ മാഡ്രിഡിന്റെ ഓഫർ നിരസിച്ച ഒരു വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മുൻ ഡച്ച് ഡിഫൻഡറായ ബെർട്ട് കോന്റെർമാനാണ് ഈ വിചിത്രമായ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ടോക്കിങ് ഫിറ്റ്‌ബോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ഫെയെനൂർദിൽ കളിക്കുന്ന കാലത്ത്, 1999-ലായിരുന്നു റയലിന്റെ ഓഫർ വന്നത്. എന്നാൽ ഭാഷയോടുള്ള പേടി കാരണം അദ്ദേഹം 2000-ൽ റയലിന്റെ ഓഫർ നിരസിച്ച് റേഞ്ചേഴ്‌സിലേക്ക് ചേക്കേറുകയായിരുന്നു.

” ആ സമ്മറിൽ റയൽ മാഡ്രിഡ്‌ ഇരുപത് മില്യണിന്റെ ഓഫറുമായി എന്നെ സമീപിച്ചിരുന്നു. എന്റെ കോച്ചായിരുന്ന ലിയോബീൻഹാക്കെർ ആയിരുന്നു ഇക്കാര്യം എന്നെ അറിയിച്ചത്. അദ്ദേഹം എന്നോട് പറഞ്ഞു. റയൽ മാഡ്രിഡ്‌ തന്നെ വേണമെന്ന്. ഞാൻ പറഞ്ഞു. നിങ്ങൾ തമാശ പറയുകയാണോ? എനിക്ക് വിശ്വസിക്കാനാവുന്നില്ല.. അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് നീ ഫെയെനൂർദിൽ തുടരണമെന്നാണ് ആഗ്രഹം. പക്ഷെ റയൽ പോലൊരു ക്ലബിലേക്ക് പോവുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. ആ സമയത്ത് ഞാൻ ജർമ്മനിയിലേക്കോ ബ്രിട്ടനിലേക്കോ പോവാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്തെന്നാൽ എനിക്ക് ജെർമനും ഇംഗ്ലീഷും വഴങ്ങുമായിരുന്നു. പക്ഷെ സ്പെയിനിനോട്‌ എനിക്ക് പേടി തോന്നി. കാരണം മറ്റൊന്നുമല്ല. ഭാഷ തന്നെയായിരുന്നു പ്രശ്നം. സ്പാനിഷ് ഭാഷ പഠിക്കാൻ ബുദ്ധിമുട്ട് ആവുമെന്ന് കരുതി ഞാൻ ആ ഓഫർ നിരസിച്ചു. അത് മനുഷ്യസഹജമാണ് എന്നാണ് എനിക്ക് തോന്നിയത്. കാരണം അന്ന് റയലിലേക്ക് പോവാൻ ഞാൻ തയ്യാറല്ലായിരുന്നു ” ബെർട്ട് കോന്റെർമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *