വിമർശനങ്ങളൊന്നും തന്നെ ബാധിക്കില്ല, സിദാന് പറയാനുള്ളത് ഇങ്ങനെ !

കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ റയൽ മാഡ്രിഡിന്റെ പ്രകടനം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ദുർബലരായ ടീമുകളോടാണ് റയൽ മാഡ്രിഡ്‌ രണ്ട് മത്സരങ്ങളിലും നാണംകെട്ട തോൽവിയേറ്റുവാങ്ങിയത്. വളരെ മോശം പ്രകടനത്തിന്റെ ഫലമായി കൊണ്ട് തന്നെയാണ് റയൽ തോറ്റത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. തുടർന്ന് വലിയ തോതിലുള്ള വിമർശനങ്ങളാണ് താരങ്ങൾക്കും പരിശീലകൻ സിദാനും നേരിടേണ്ടി വന്നത്. എൽ ക്ലാസിക്കോയിൽ കൂടി തോറ്റാൽ സിദാന്റെ സ്ഥാനം തെറിക്കുമെന്ന രൂപത്തിലുള്ള വാർത്തകളൊക്കെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഏതായാലും ഈ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പരിശീലകൻ സിദാൻ. വിമർശനങ്ങൾ തന്നെ ബാധിക്കുകയോ കാര്യങ്ങളെ മാറ്റാൻ പോവുകയോ ചെയ്യുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സിദാൻ. ഇന്നലെ എൽ ക്ലാസിക്കോക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” ഏതൊരു കാര്യത്തിലായാലും നമ്മൾ കാര്യങ്ങൾ മോശമായി കൈകാര്യം ചെയ്താൽ വിമർശനങ്ങൾ ഉണ്ടാവുക എന്നുള്ളത് സ്വാഭാവികമായ കാര്യമാണ്. അവർ എന്നെ വിമർശിക്കും എന്നുള്ളത് സാധാരണകാര്യമാണ്. പക്ഷെ എന്നെ സംബന്ധിച്ചെടുത്തോളം വിമർശനങ്ങൾ എന്നെ ബാധിക്കുകയോ എന്നെ മാറ്റാൻ പോവുകയോ ചെയ്യുന്നില്ല. പക്ഷെ ഇനി കാര്യങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നുള്ളത് എന്നെ മാറ്റിയേക്കാം. എന്റെ ഭാവിയെ കുറിച്ച് എനിക്ക് പേടിയില്ല. മുമ്പ് പറഞ്ഞ പോലെ തന്നെ ഇവിടെ ഒന്നും മാറിയിട്ടില്ല. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലും ഇങ്ങനെയായിരുന്നു. ഞാൻ എന്താണോ ചെയ്യുന്നത് അതെന്റെ ജോലിയാണ്. ഒരിക്കലും ഞങ്ങളുടെ മനോഭാവമല്ല പ്രശ്നം. എന്റെ താരങ്ങൾക്ക് എപ്പോഴും വിജയിക്കണം എന്നുണ്ട്. അവർ അതിന് വേണ്ടി ശ്രമിക്കുന്നുമുണ്ട്. പക്ഷെ കരുതിയ പോലെയല്ല കാര്യങ്ങൾ സംഭവിക്കുന്നത്. ഒരു ബുദ്ധിമുട്ടേറിയ സമയമുണ്ടായാൽ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അത്‌ ജീവിതത്തിലായാലും ഫുട്ബോളിലായാലും. ഒരുമിച്ച് നിന്നു കൊണ്ട് നെഗറ്റീവുകളെ പോസിറ്റീവ് ആക്കി മാറ്റണം ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *