വലൻസിയ താരത്തെ സംരക്ഷിച്ച് വിനീഷ്യസിനെ മാത്രം കുറ്റക്കാരനാക്കി,റഫറിയുടെ സ്ഥാനം തെറിപ്പിച്ച് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ!

കഴിഞ്ഞ ലാലിഗ മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡ് വലൻസിയയോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയൽ തോൽവി ഏറ്റുവാങ്ങിയിരുന്നത്. ഈ മത്സരത്തിൽ കടുത്ത വംശീയ അധിക്ഷേപങ്ങൾക്ക് വിനീഷ്യസ് ജൂനിയർ ഇരയാവേണ്ടി വന്നിരുന്നു. ഇതിനെതിരെ അദ്ദേഹം കളിക്കളത്തിൽ വെച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കി പത്രമെന്നോണമാണ് വിനീഷ്യസ് ജൂനിയർക്ക് മത്സരത്തിന്റെ അവസാനത്തിൽ റെഡ് കാർഡ് വഴങ്ങേണ്ടി വന്നത്.

അതായത് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ചില കയ്യാങ്കളികൾ നടന്നിരുന്നു. ആ സമയത്ത് വിനീഷ്യസ് ജൂനിയറെ ഏറെ നേരം വലൻസിയ സൂപ്പർതാരമായ ഹ്യൂഗോ ഡ്യൂറോ ഹെഡ്ലോക്ക് ചെയ്യുകയായിരുന്നു.താരത്തിന്റെ കഴുത്തിന് പിടിച്ച് പിറകിലേക്ക് വലിക്കുകയായിരുന്നു ഡ്യൂറോ ചെയ്തിരുന്നത്. ഒടുവിൽ വിനീഷ്യസ് ജൂനിയർ അദ്ദേഹത്തെ പിടിച്ചു തള്ളുകയായിരുന്നു.ഇതേ തുടർന്നാണ് റഫറി VAR ചെക്ക് ചെയ്യാൻ തീരുമാനിച്ചത്.

VAR റഫറിയായിരുന്ന ഇഗ്‌ലേഷ്യസ് വില്ലേനോവ വിനീഷ്യസിനെ മാത്രം കുറ്റക്കാരനാക്കി ചിത്രീകരിക്കുകയായിരുന്നു.അതായത് വിനീഷ്യസിനെ ഡ്യൂറോ ഹെഡ് ലോക്ക് ചെയ്ത രംഗങ്ങൾ അദ്ദേഹം VAR മോണിറ്ററിൽ കാണിച്ചിരുന്നില്ല. മറിച്ച് വിനീഷ്യസ് തള്ളുന്നത് മാത്രമാണ് VAR റഫറി കാണിച്ചിരുന്നത്. ഇതേ തുടർന്ന് മത്സരത്തിലെ പ്രധാന റഫറി വിനീഷ്യസിന് റെഡ് കാർഡ് നൽകുകയും ചെയ്തു.

പക്ഷേ പിന്നീട് ഇത് വിവാദമാവുകയായിരുന്നു.VAR റഫറി പക്ഷപാതം കാണിച്ചു എന്ന് ആരോപിക്കപ്പെട്ടതോടുകൂടി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഇതിൽ നടപടി എടുത്തിട്ടുണ്ട്.ഇഗ്‌ലേഷ്യസിനെ പുറത്താക്കുകയാണ് അവർ ചെയ്തിട്ടുള്ളത്. അടുത്ത സീസണിൽ റഫറിയിങ് സ്ഥാനത്ത് ഇദ്ദേഹത്തിന് തുടരാൻ സാധിക്കില്ല.

ഇദ്ദേഹത്തെ കൂടാതെ നാല് റഫറിമാരെയും തൽസ്ഥാനത്തുനിന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ നീക്കം ചെയ്തിട്ടുണ്ട്.VAR സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കാനും ഇവർ തീരുമാനമെടുത്തിട്ടുണ്ട്. ഏതായാലും വിനീഷ്യസിന്റെ വിഷയത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉയർന്നതോടെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും ഇപ്പോൾ പ്രതിരോധത്തിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!