വംശയാധിക്ഷേപവും ഡാൻസ് വിവാദവും,വിനീഷ്യസിന് പിന്തുണയുമായി പെലെയും!

കഴിഞ്ഞ ദിവസമായിരുന്നു സ്പാനിഷ് ഏജൻസ് അസോസിയേഷന്റെ പ്രസിഡന്റായ പെഡ്രോ ബ്രാവോ ഒരു വിവാദ- റേസിസ്റ്റ് പരാമർശം നടത്തിയത്. റയലിന്റെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർക്കെതിരെയായിരുന്നു ഇത്.വിനീഷ്യസ് ജൂനിയറോട് ഗോൾ നേടിയതിനു ശേഷമുള്ള ഡാൻസ് സെലിബ്രേഷൻ അവസാനിപ്പിക്കാൻ ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. നിങ്ങളുടെ കുരങ്ങുകളി ബ്രസീലിൽ മതി, സ്പെയിനിൽ വേണ്ട എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ പരാമർശം.

ഈയൊരു വംശിയാധിക്ഷേപം ഇപ്പോൾ വലിയ രൂപത്തിൽ വിവാദമായിട്ടുണ്ട്. നെയ്മർ ജൂനിയർ അടക്കമുള്ള ഫുട്ബോൾ ലോകം ഒന്നടങ്കം ഇപ്പോൾ വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫുട്ബോൾ ഇതിഹാസമായ പെലെയും വിനീഷ്യസിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പെലെ വിനീഷ്യസിനൊപ്പമുണ്ട് എന്നറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ എന്നുള്ളത് ആനന്ദമാണ്, ഫുട്ബോൾ എന്നുള്ളത് നൃത്തമാണ്,ഫുട്ബോൾ ശരിക്കുമൊരു ആഘോഷ പരിപാടി തന്നെയാണ്. പക്ഷേ ഇപ്പോഴും അവിടെ റേസിസം തുടരുന്നു. ഞങ്ങളെ ചിരിപ്പിക്കുന്നതിൽ നിന്നും നിങ്ങളെ തടയാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല വിനീഷ്യസ്. ഈ രീതിയിലൂടെ റേസിസത്തിനെതിരെ പോരാടുന്നത് ഞങ്ങൾ തുടരുക തന്നെ ചെയ്യും. സന്തോഷമായി ഇരിക്കുക എന്നുള്ള ഞങ്ങളുടെ അവകാശത്തിനു വേണ്ടി ഞങ്ങൾ പോരാടും ” ഇതാണ് പെലെ കുറിച്ചിട്ടുള്ളത്.

അതേസമയം ഫുട്ബോൾ ലോകത്തിന്റെ ഈ അകമഴിഞ്ഞ പിന്തുണക്ക് വിനീഷ്യസ് ജൂനിയർ ഇപ്പോൾ നന്ദി പറഞ്ഞിട്ടുണ്ട്. ഡാൻസ് കളിക്കുന്നത് താൻ അവസാനിപ്പിക്കില്ല എന്ന ഉറപ്പും ഇപ്പോൾ വിനീഷ്യസ് നൽകിയിട്ടുണ്ട്. അതേസമയം താരത്തിന്റെ ക്ലബ്ബായ റയൽ മാഡ്രിഡും ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇപ്പോൾ ഇറക്കിയിട്ടുണ്ട്.റേസിസ്റ്റ് പരാമർശം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റയൽ മാഡ്രിഡ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!