റയൽ മാഡ്രിഡിന് വേണ്ടി സ്റ്റേഡിയം വിട്ടുനൽകാൻ തയ്യാറാണെന്ന് അത്ലറ്റികോ മാഡ്രിഡ്‌

റയൽ മാഡ്രിഡിന് ആവിശ്യമാണെൽ തങ്ങളുടെ സ്റ്റേഡിയം മത്സരങ്ങൾക്കായി വിട്ടുനൽകാൻ ഒരുക്കമാണെന്ന് അത്ലറ്റികോ മാഡ്രിഡ്‌. അത്ലറ്റികോ മാഡ്രിഡ്‌ പ്രസിഡന്റ്‌ ആയ എൻറിക്വെ സെറെസൊ ആണ് ഇക്കാര്യം പത്രസമ്മേളനത്തിൽ അറിയിച്ചത്. ലാലിഗ പുനരാരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നഗരവൈരികൾക്ക് വേണ്ടി തങ്ങളുടെ സ്റ്റേഡിയമായ വാണ്ട മെട്രോപൊളിറ്റാനൊ വിട്ടുനൽകാൻ തയ്യാറാണെന്ന് അത്ലറ്റികോ അറിയിച്ചത്. അറ്റകുറ്റപണികൾ നടത്തുന്നതിനാൽ ഇനിയുള്ള മത്സരങ്ങൾ സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടക്കില്ല എന്ന് റയൽ ഔദ്യോഗികമായി അറിയിച്ചിരുന്നു. പകരം കാസ്റ്റില്ലയുടെ ഗ്രൗണ്ട് ആയ ഡിസ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക എന്നാണ് അറിയിച്ചത്. കാണികൾ ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാവില്ല എന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടലുകൾ. എന്നാൽ കാണികളെ പ്രവേശിപ്പിക്കാനുള്ള ആലോചനകൾ ലാലിഗ നടത്തി വരുന്നുണ്ട്. ഈയൊരു അവസരത്തിലാണ് അത്ലറ്റികോ മാഡ്രിഡ്‌ ഈയൊരു നിർദേശം മുന്നോട്ടുവെച്ചത്.

” തീർച്ചയായും റയൽ മാഡ്രിഡിന് ആവശ്യമാണെങ്കിൽ വാണ്ട മെട്രോപൊളിറ്റാനൊ ഉപയോഗിക്കാം.അതിന് വേണ്ടിയുള്ള ഏർപ്പാടുകൾ ചെയ്യാനും ഞങ്ങൾ തയ്യാറാണ് ” എൻറിക്വെ പറഞ്ഞു. ഇതിന് പിന്തുണ അർപ്പിച്ച് കൊണ്ട് മാഡ്രിഡ്‌ നഗരത്തിന്റെ മേയറും അത്ലറ്റികോ ആരാധകനുമായ മാർട്ടിനെസ് അൽമെയ്ഡയും രംഗത്ത് വന്നു. ” ഇത് ആദ്യത്തെ സംഭവമല്ല. 1996/97 സീസണിലെ ആദ്യത്തെ മത്സരം അത്ലറ്റികോ റയലിന്റെ മൈതാനത്ത് വെച്ചാണ് കളിച്ചത്. അന്ന് അത്ലറ്റികോയുടെ സ്റ്റേഡിയം നവീകരണത്തിലായിരുന്നു. ഇത് ആരാധകർക്കോ ക്ലബിനോ പ്രശ്നമുണ്ടാക്കുന്ന ഒന്നല്ല ” അദ്ദേഹം പറഞ്ഞു. ജൂൺ പതിനാലിന് എയ്ബറിനെതിരെയാണ് റയലിന്റെ ആദ്യമത്സരം. ഡിസ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *