രണ്ട് സെന്റർ ബാക്കുമാർ തിരിച്ചെത്തി, കൂമാന് ആശ്വാസം !

കഴിഞ്ഞ ദിവസങ്ങളിൽ കൂമാനെ ഏറ്റവും കൂടുതൽ അലട്ടിയിരുന്ന കാര്യം ടീമിലെ സെന്റർ ബാക്കുകളുടെ ക്ഷാമമായിരുന്നു. ലാലിഗയിൽ ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ ക്ലമന്റ് ലെങ്ലെറ്റ്‌ പരിക്കേറ്റ് പുറത്ത് പോയതോടെ ബാഴ്സയിൽ ഒരൊറ്റ സീനിയർ സെന്റർ ബാക്ക് പോലുമില്ലായിരുന്നു. ജെറാർഡ് പിക്വേ, ക്ലമന്റ് ലെങ്ലെറ്റ്‌, സാമുവൽ ഉംറ്റിറ്റി, റൊണാൾഡ് അരൗഹോ എന്നീ നാലു സീനിയർ സെന്റർ ബാക്കുമാരും പരിക്കിന്റെ പിടിയിലായിരുന്നു. ഇതോടെ ഓസ്ക്കാർ മിങ്കേസയായിരുന്നു കൂമാന്റെ ആശ്രയം. കൂടാതെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡിജോങിനെ സെന്റർ ബാക്ക് പൊസിഷനിൽ കളിപ്പിക്കേണ്ടി വരുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അതുണ്ടായില്ല. ലെങ്ലെറ്റ്‌ പരിക്കിൽ നിന്നും മുക്തനായി മടങ്ങി എത്തുകയായിരുന്നു. കൂടാതെ ഓസ്‌ക്കാർ മിങ്കേസ മികച്ച പ്രകടനം നടത്തിയപ്പോൾ സൂപ്പർ താരങ്ങളുടെ അഭാവം കൂമാൻ അറിഞ്ഞില്ല.

ഇപ്പോഴിതാ രണ്ട് സെന്റർ ബാക്കുമാർ പരിശീലനത്തിൽ തിരിച്ചെത്തി എന്ന ആശ്വാസവാർത്തയാണ് ബാഴ്സ ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. ദീർഘകാലം പുറത്തിരുന്ന സാമുവൽ ഉംറ്റിറ്റി, റൊണാൾഡ് അരൗഹോ എന്നീ താരങ്ങളാണ് പരിശീലനത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇന്നലെയാണ് ഇരുവരും പരിശീലനം ആരംഭിച്ചതെന്ന് മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അരൗഹോ ഉടൻ തന്നെ ടീമിലേക്ക് തിരിച്ചെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ലാലിഗയിൽ നടക്കുന്ന കാഡിസിനെതിരെയുള്ള മത്സരത്തിലോ അതല്ലെങ്കിൽ ചാമ്പ്യൻസ് ലീഗിലെ യുവന്റസിനെതിരെയുള്ള മത്സരത്തിലോ ആയിരിക്കും റൊണാൾഡ് അരൗഹോ ടീമിലേക്ക് തിരിച്ചെത്തുക. അതേസമയം കഴിഞ്ഞ മെയ് മാസത്തിനു ശേഷം ഒരു തവണ പോലും ഉംറ്റിറ്റി കളത്തിൽ ഇറങ്ങിയിട്ടില്ല. മാത്രമല്ല താരം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. താരം ഉടൻ തന്നെ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ഇന്നലത്തെ പരിശീലനത്തിൽ ലയണൽ മെസ്സി, ഫിലിപ്പെ കൂട്ടീഞ്ഞോ, ടെർ സ്റ്റീഗൻ എന്നിവർ പങ്കെടുത്തു. മൂവർക്കും ചാമ്പ്യൻസ് ലീഗിലെ മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *