രക്ഷകനായി റാമോസ്, കിരീടത്തിലേക്ക് ഒരുപടി കൂടെ അടുത്ത് റയൽ

ലാലിഗയിൽ ഇന്നലെ നടന്ന മുപ്പത്തിമൂന്നാം റൗണ്ട് പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ ഗെറ്റാഫെയെ തകർത്തു വിട്ടത്. വളരെ നിർണായകമായ മത്സരത്തിൽ നായകൻ സെർജിയോ റാമോസ് പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് റയലിന്റെ രക്ഷക്കെത്തിയത്. ലാലിഗ പുനരാരംഭിച്ചതിന് ശേഷമുള്ള തുടർച്ചയായ ആറാം ജയമാണ് റയൽ മാഡ്രിഡ്‌ നേടുന്നത്. ജയത്തോടെ കിരീടത്തിലേക്ക് ഒരുപടി കൂടെ അടുക്കാനും റയൽ മാഡ്രിഡിനായി. ബാഴ്സയുമായുള്ള പോയിന്റ് അകലം നാലാക്കി ഉയർത്താൻ റയലിന് സാധിച്ചു. നിലവിൽ മുപ്പത്തിമൂന്ന് മത്സരങ്ങളിൽ നിന്ന് എഴുപത്തി നാല് പോയിന്റാണ് റയലിന്റെ സമ്പാദ്യം. അതേ സമയം ഇത്രയും മത്സരങ്ങളിൽ എഴുപത് പോയിന്റ് ആണ് ബാഴ്സക്ക് ഉള്ളത്.

സൂപ്പർ താരം ഈഡൻ ഹസാർഡിന് വിശ്രമം അനുവദിച്ച് കൊണ്ടായിരുന്നു സിദാൻ ഇന്നലെ സ്‌ക്വാഡ് പുറത്ത് വിട്ടത്. ബെൻസിമ, ഇസ്കോ വിനീഷ്യസ് എന്നിവർ ആക്രമണനിരയെ നയിച്ചു. പന്തടക്കത്തിലും കളിയിലും റയൽ മേധാവിത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ റയൽ ബുദ്ദിമുട്ടി. പലപ്പോഴും കളി പരുക്കൻ രീതിയിലേക്ക് മാറുകയായിരുന്നു. മത്സരത്തിന്റെ മുപ്പത്തിമൂന്നാം മിനിറ്റിൽ തന്നെ റാഫേൽ വരാനെക്ക് കളം വിടേണ്ടി വന്നു. ആദ്യപകുതിയിൽ ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. രണ്ടാം പകുതിയിലും സമാനഅവസ്ഥ തന്നെയായിരുന്നു. റയൽ ഇടയ്ക്കിടെ മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു നോക്കിയെങ്കിലും ഗെറ്റാഫെ ഗോൾ കീപ്പറുടെ കൃത്യമായി ഇടപെടൽ ഗോൾ അകറ്റി നിർത്തി. മത്സരത്തിന്റെ എഴുപത്തിയൊമ്പതാം മിനുട്ടിലാണ് റയൽ മാഡ്രിഡിന്റെ വിജയഗോൾ വരുന്നത്. കാർവഹലിന്റെ മുന്നേറ്റത്തെ ഒരു ഫൗളിലൂടെയാണ് ഗെറ്റാഫെ പ്രതിരോധനിര താരം നേരിട്ടത്. ഫലമായി ലഭിച്ച പെനാൽറ്റി നായകൻ സെർജിയോ റാമോസ് ഒരു പിഴവും കൂടാതെ ലക്ഷ്യത്തിലെത്തിച്ചു. ഈയൊരു ഗോളിന്റെ ബലത്തിലാണ് റയൽ മാഡ്രിഡ്‌ നിർണായകവിജയം കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *